ഒറ്റ ദിവസത്തില്‍ അംബാനിക്ക് നഷ്ടം 11,000 കോടി രൂപ; അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

November 25, 2021 |
|
News

                  ഒറ്റ ദിവസത്തില്‍ അംബാനിക്ക് നഷ്ടം 11,000 കോടി രൂപ;  അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ഏഷ്യയിലെ അതിസമ്പന്നന്‍ എന്ന ഖ്യാതി അംബാനിയില്‍ നിന്നു തട്ടിയെടുത്ത് ഗൗതം അദാനി. ചുരുങ്ങിയ സമയം കൊണ്ട് ആസ്തി പതിന്‍മടങ്ങ് വര്‍ധിപ്പിക്കാനായതാണ് അദാനിക്കു നേട്ടമായത്. വര്‍ഷങ്ങളായി അംബാനിക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന അദാനി അടുത്തിടെ ആസ്തി വര്‍ധനയുടെ വേഗം വര്‍ധിപ്പിച്ചിരുന്നു.

നിക്ഷേപകര്‍ ഏറെ പ്രതീക്ഷ കല്‍പ്പിച്ചിരുന്ന സൗദി അരാംകോയുമായുള്ള കരാറില്‍ നിന്നു റിലയന്‍സ് പിന്‍മാറിയതാണ് നിലവിലെ അംബാനിയുടെ വീഴ്ചയ്ക്കു കാരണം. ഇതിനു പിന്നാലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിലയന്‍സ് ഓഹരികള്‍ നഷ്ടം വരിക്കുകയാണ്. ഇതേസമയം അദാനി ഗ്രൂപ്പ് ഓഹരികള്‍ വിപണികളില്‍ കുതിച്ചു.

ഒരു വര്‍ഷത്തിനിടെ അംബാനിയുടെ ആസ്തിയിലുണ്ടായ വര്‍ധന 1,430 കോടി ഡോളറാണെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം അദാനിയുടെ ആസ്തിയിലുണ്ടായ വര്‍ധന 5,500 കോടി ഡോളറാണ്. ബ്ലൂംബെര്‍ഗിന്റെ കോടിശ്വര പട്ടിക പ്രകാരം അംബാനിയുടെ ആസ്തി 9,100 കോടി ഡോളറാണ്. ഗൗതം അദാനിയുടെത് 8,880 കോടി ഡോളറും.

കഴിഞ്ഞ ദിവസങ്ങളിലെ ഇന്ത്യന്‍ ഓഹരി വിപണികളുടെ ചാഞ്ചാട്ടത്തില്‍ അംബാനിയുടെ ആസ്തിയില്‍ 220 കോടി ഡോളറിന്റെ കുറവുണ്ടായെന്നാണു റിപ്പോര്‍ട്ടുകള്‍. ഇതേസമയം അദാനി ഗ്രൂപ്പ് ഓഹരികള്‍ കുതിച്ചുയര്‍ന്നു. ഇതോടെ അംബാനിയെ പിന്തള്ളി അദാനി ഒന്നാമതെത്തി.

കഴിഞ്ഞ ദിവസം മാത്രം ബിഎസ്ഇയില്‍ റിലയന്‍സ് ഓഹരികളില്‍ 1.48 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഇതുമൂലം കമ്പനിയുടെ വിപണിമൂല്യം 22,000 കോടി രൂപ ഇടിഞ്ഞപ്പോള്‍ അംബാനിക്ക് മാത്രം നഷ്ടമായത് 11,000 കോടിയാണ്. എന്നിരുന്നാലും ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന ഖ്യാതി ഇപ്പോഴും റിലയന്‍സിന് അവകാശപ്പെട്ടതാണ്.

റിലയന്‍സിന്റെ വിപണി മൂല്യം നിലവില്‍ 14.91 ട്രില്ല്യണ്‍ ആണ്. അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 10 ട്രില്ല്യണ്‍ ആണ്. അദാനി എന്റര്‍പ്രൈസസ് ഓഹരികളില്‍ 2.76 ശതമാനം ഉയര്‍ച്ചയാണ് ബുധനാഴ്ച ഉണ്ടായത്. അദാനി പോര്‍ട്ട് ആന്റ് സെസ് ഓഹരികള്‍ 4.59 ശതമാനം വര്‍ധിച്ചു. അടുത്തിടെ ഐഐഎഫ്എല്‍ പുറത്തുവിട്ട വെല്‍ത്ത് ഹുറൂണ്‍ പട്ടിക പ്രകാരം 59 വയസുകാരനായ ഗൗതം അദാനി ഒരു ദിവസം സമ്പാദിക്കുന്നത് 1,002 കോടി രൂപയാണ്. അതേസമയം അംബാനിയുടെ പ്രതിദിന വരുമാനം 163 കോടി രൂപ മാത്രമാണ്. ഒരു വര്‍ഷത്തിനിടെ അദാനി ആസ്തിയില്‍ 261 ശതമാനം നേട്ടം കൈവരിച്ചപ്പോള്‍ അംബാനിയുടെ നേട്ടം ഒമ്പതു ശതമാനമാണ്.

ഇന്ത്യയില്‍ ഒരു ലക്ഷം കോടി ആസ്തിയുള്ള അഞ്ചു കമ്പനികളുള്ള ഒരേ ഒരു ബിസിനസുകാരന്‍ അദാനിയാണ്. ഹറൂണ്‍ പട്ടികയില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് രണ്ടു സ്ഥാനങ്ങള്‍ ഇക്കൊല്ലം അദ്ദേഹം മെച്ചപ്പെടുത്തിയിരുന്നു. അതേസമയം ഊര്‍ജമേഖലയിലെ ഏറ്റെടുപ്പുകള്‍ റിലയന്‍സിന് നേട്ടമാകുമെന്നാണു വിലയിരുത്തല്‍. അരാകോയുമായുള്ള കരാര്‍ ഒഴിവാക്കിയത് തന്ത്രമാണെന്നും വിലയിരുത്തലുണ്ട്.

Related Articles

© 2021 Financial Views. All Rights Reserved