
ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാന പാദ (ജനുവരി - മാര്‍ച്ച്) കണക്കുകള്‍ പുറത്തുവരുമ്പോള്‍ 3.1 ശതമാനമാണ് വളര്‍ച്ചാനിരക്ക്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മൂന്നാം പാദത്തില്‍ 4.7 ശതമാനമായിരുന്നു രാജ്യത്തിന്റെ വളര്‍ച്ച. ഇതേസമയം, 2019-20 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 4.2 ശതമാനം തൊട്ടു. വര്‍ധിച്ച മൂല്യത്തോടെയുള്ള ദേശീയവരുമാനം (ജിവിഎ) 3.9 ശതമാനത്തിലാണ് എത്തിനില്‍ക്കുന്നത്.
കൊറോണ വൈറസ് വ്യാപനം കാരണം സമ്പദ്ഘടന പ്രതിസന്ധിയില്‍ തുടരുന്ന സാഹചര്യത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം കണക്കാക്കിയിരിക്കുന്ന ജിഡിപി വളര്‍ച്ചാ നിരക്ക് പുനഃപരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒപ്പം 2020 സാമ്പത്തിക വര്‍ഷത്തെ കണക്കുകളും സര്‍ക്കാര്‍ ക്രമപ്പെടുത്തി. ആദ്യപാദത്തെ വളര്‍ച്ച 5.6 ശതമാനത്തില്‍ നിന്നും 5.2 ശതമാനമായി ചുരുങ്ങി. രണ്ടാംപാദ വളര്‍ച്ച 4.4 ശതമാനമായി നിജപ്പെട്ടു. നേരത്തെ, 5.1 ശതമാനമായിരുന്നു ഇത്. പുതിയ കണക്കുകളില്‍ മൂന്നാംപാദത്തില്‍ കുറിച്ച 4.7 ശതമാനം വളര്‍ച്ച 4.1 ശതമാനമായി കുറഞ്ഞതും കാണാം.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയമാണ് വെള്ളിയാഴ്ച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഉപഭോക്തൃ ആവശ്യത്തിലും സ്വകാര്യ നിക്ഷേപത്തിലും ഗണ്യമായ കുറവുണ്ടാകുകയും കൊറോണ ഭീതി മുന്‍നിര്‍ത്തിയുള്ള ആഗോള മാന്ദ്യം കയറ്റുമതിയെ ബാധിക്കുകയും ചെയ്തതാണ് വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടാകാന്‍ കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പോയവര്‍ഷം പൂജ്യം ശതമാന വളര്‍ച്ചയാണ് ഉത്പാദന മേഖല കുറിച്ചത്. 2019 സാമ്പത്തിക വര്‍ഷം 5.7 ശതമാനമായിരുന്നു ഇത്. ഹോട്ടല്‍, ഗതാഗതം, ടെലികോം മേഖലകള്‍ 2.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് മേഖലകളുടെ വളര്‍ച്ച 2.4 ശതമാനമാണ് തൊട്ടിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.67 ലക്ഷം കോടി രൂപയുടെ വരുമാനയിടിവ് സംഭവിച്ചതായും കണക്കുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ധനക്കമ്മി ജിഡിപിയുടെ 4.59 ശതമാനം കുറിച്ചു. വരവുചിലവുകളുടെ ചിത്രം പരിശോധിച്ചാല്‍ 23.49 ലക്ഷം കോടി രൂപയാണ് 2020 സാമ്പത്തിക വര്‍ഷം സര്‍ക്കാരിന് ചിലവായത്. ഇതില്‍ 17.50 ലക്ഷം കോടി രൂപ വരവിനത്തില്‍ ഖജനാവില്‍ എത്തുകയുണ്ടായി. 3.36 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിനുണ്ടായ മൂലധന ചിലവുകള്‍. 20 ലക്ഷം കോടി രൂപ നികുതിയിനത്തില്‍ സര്‍ക്കാരിന് പിരിച്ചുകിട്ടിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.