
രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളില്‍ സീനിയര്‍ എക്സിക്യൂട്ടീവ് സ്ഥാനങ്ങളില്‍ എത്തുന്ന വനിതകള്‍ക്ക് ശമ്പളത്തിന്റെ കാര്യത്തില്‍ വിവേചനം നേരിടേണ്ടി വരുന്നതായി ഐഐഎം അഹമ്മദാബാദിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ സീനിയര്‍ വനിത എക്സിക്യൂട്ടീവും ശരാശരി 85 രൂപ ലഭിക്കുമ്പോള്‍ അതേ സ്ഥാനത്തുള്ള പുരുഷന്മാര്‍ക്ക് 100 രൂപ ലഭിക്കുന്നു.
ഒരേ ജോലി ചെയ്യുന്ന വനിത എക്സിക്യൂട്ടീവുകള്‍ക്ക് പുരുഷന്മാരെ ക്കാള്‍ 17 ശതമാനം വേതനം കുറച്ചാണ് നല്‍കുന്നത്. ഇന്ത്യന്‍ കമ്പനികളിലെ വനിതാ സീനിയര്‍ എക്സിക്യൂട്ടീവുകള്‍ക്ക് ശരാശരി വരുമാനം 1.91 കോടി രൂപ ലഭിക്കുന്ന സ്ഥാനത്ത് പുരുഷ എക്സിക്യൂട്ടീവുകള്‍ക്ക് ലഭിക്കുന്നത് 2.24 കോടി രൂപ. വെറും 5 ശതമാനം സീനിയര്‍ വനിതകള്‍ക്കാണ് ടോപ്പ് മാനേജ്മന്റ് സ്ഥാനത്തേക്ക് കയറ്റം ലഭിക്കുന്നത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 109 കമ്പനികളില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഐഐഎം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മാനേജര്‍ തസ്തികയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ ശരാശരി 3.1 ശതമാനം ശമ്പളം കുറച്ചാണ് നല്‍കുന്നത്, ഡയറക്ടര്‍ സ്ഥാനത്ത് 4.9 ശതമാനം കുറച്ചും എക്സിക്യൂട്ടീവ് വിഭാഗത്തില്‍ ശരാശരി 6.1 ശതമാനം ശമ്പളം കുറച്ചുമാണ് വനിതകള്‍ക്ക് ലഭിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 109 കമ്പനികളില്‍ സിപ്ല, ട്രെന്റ് എന്നീ കമ്പനികളില്‍ മാത്രമാണ് 3 വനിതകള്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നത്. ബയോകോണ്‍, കാസ്ട്രോള്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കോടക്ക്, കമ്മിന്‍സ്, മഹിന്ദ്ര, പിരമാള്‍, ടൈറ്റന്‍ എന്നീ കമ്പനികളില്‍ 2 വനിതകളും, 21 കമ്പനികളില്‍ ഒരു വനിത വീതവുമാണ് ഉയര്‍ന്ന തസ്തിക ലഭിച്ചിരിക്കുന്നത്.