
1996 ല്‍ ഇന്ത്യയില്‍ കാര്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിച്ച ആദ്യത്തെ ബ്രാന്‍ഡുകളിലൊന്നായ ജനറല്‍ മോട്ടോഴ്സ് ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. 2017ല്‍ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയ ജനറല്‍ മോട്ടോഴ്സ് ഇന്ത്യയിലെ അവശേഷിക്കുന്ന ഒരേയൊരു പ്ലാന്റിന്റെ പ്രവര്‍ത്തനമാണ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ക്രിസ്മസിന് ഒരു ദിവസം മുമ്പ് പൂനെക്കടുത്തുള്ള തലേഗാവ് പ്ലാന്റ് അടച്ചുപൂട്ടുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര വിപണികള്‍ക്കായി കാറുകള്‍ നിര്‍മ്മിക്കുന്നതിനാണ് വാഹന നിര്‍മ്മാതാവ് ഈ പ്ലാന്റ് ഉപയോഗിച്ചിരുന്നത്. മെക്‌സിക്കോയിലേക്ക് കയറ്റുമതി ചെയ്ത ബീറ്റ് ഹാച്ച്ബാക്കാണ് തലേഗാവ് പ്ലാന്റിലെ പ്രാഥമിക കയറ്റുമതി.
ജിഎം ഇതിനകം തന്നെ മറ്റ് ഇന്ത്യന്‍ ഫാക്ടറി (ഗുജറാത്തിലെ ഹാലോളില്‍) 2017 ല്‍ ചൈനയുടെ എസ്എഐസിക്ക് വിറ്റിരുന്നു. അത് ഇപ്പോള്‍ എംജി മോട്ടോഴ്സ് ആണ് ഉപയോഗിക്കുന്നത്. തലേഗാവ് പ്ലാന്റില്‍ നിലവില്‍ 1,800 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് 2021 ജനുവരി വരെ ശമ്പളം ലഭിക്കും നിയമ, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ 2021 മാര്‍ച്ച് വരെ കമ്പനിയില്‍ പ്രവര്‍ത്തിക്കും.
ഇന്ത്യയും ചൈനയും തമ്മിലുള്ള രൂക്ഷമായ സംഘര്‍ഷത്തിനിടയിലാണ് ചൈനയുടെ ഏറ്റവും വലിയ എസ്യുവി നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്സിന് മഹാരാഷ്ട്ര ഫാക്ടറി 2,000 കോടി രൂപയ്ക്ക് വില്‍ക്കാന്‍ ജിഎം തീരുമാനിച്ചത്. എന്നാല്‍ ഈ കരാര്‍ ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഏപ്രിലില്‍, ചൈനയില്‍ നിന്നും മറ്റ് അയല്‍ രാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപത്തിനായി ഇന്ത്യ കര്‍ശന നിയമങ്ങള്‍ ഏര്‍പ്പെടുത്തി. ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതിന് ശേഷം സ്ഥിതി കൂടുതല്‍ വഷളായി. ജിഎം-ഗ്രേറ്റ് വാള്‍ കരാര്‍ ഇന്ത്യ തടഞ്ഞുവച്ചു.
ജനുവരി 25 വരെ ശമ്പളം നല്‍കുമെന്ന് ജിഎം തൊഴിലാളികളോട് പറഞ്ഞിട്ടുണ്ട്. കരാര്‍ നീക്കുന്നതിന് പരിഹാരം കാണുമെന്ന് ജിഎം ഇന്ത്യ വക്താവ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇടപാടിനെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ സര്‍ക്കാര്‍ അംഗീകാരങ്ങള്‍ നേടുന്നതിന് രണ്ട് കമ്പനികളും പ്രസക്തമായ എല്ലാ അധികാരികളുമായും തുടര്‍ന്നും സഹകരിക്കുമെന്ന് വക്താവ് പറഞ്ഞു.