
ഡല്‍ഹി: ഇന്‍ഫോസിസ് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ നന്ദന്‍ നീലേകനി അടുത്തിടെ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 100 മില്യണ്‍ ആള്‍ക്കാര്‍ ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തുന്നുണ്ട് എന്നാണ്. മാത്രമല്ല 2021ഓടെ ഇത് 300 ശതമാനം വര്‍ധിക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ഹോള്‍സെയില്‍ ആര്‍ഡ് റീട്ടെയില്‍ ബാങ്കിങ്ങില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുകയും ശരാശരി പൗരനും ഉപയോഗിക്കാവുന്ന തരത്തില്‍ ഇത് വ്യാപിച്ചു കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയായ യുപിഐ അടക്കമുള്ളവ ഇതിന് ഒട്ടേറെ സഹായകരമായെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഇത് ഒട്ടേറെ ഗുണങ്ങളും ഉണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു രാജ്യം ഒരു കാര്‍ഡ് എന്നത് ഏതൊരാള്‍ക്കും മെട്രോ ബസ് മുതല്‍ ചില്ലറ വില്‍പന സ്റ്റാളില്‍ വരെ ഡിജിറ്റല്‍ പേയ്‌മെന്റ് നടത്താന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യാഷ് ട്രാന്‍സാക്ഷന്‍ നടത്തുന്നതിന് അതാത് ബാങ്കുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചത് ഇ-ബാങ്കിങ് സുതാര്യമാക്കുന്നതിനും തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും സഹായകരമായി.
ബാങ്കിങ് ഡാറ്റാ വിവരങ്ങള്‍ കൃത്യമായി പരിശോധിക്കുകയും ഉപയോക്താക്കളുടെ വിവരങ്ങളും പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന രീതിയും അടക്കം സൂക്ഷമമായി പരിശോധിച്ച് പഠിച്ചാല്‍ രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് മികവുറ്റതാക്കുന്നതിനുള്ള പുതു നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല റെഗുലേറ്ററി സാന്‍ഡ് ബോക്‌സ് ഡ്രാഫ്റ്റും ലളിതമായ കെവൈസിയും നടപ്പാക്കിയാല്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്റെ വളര്‍ച്ച വേഗത്തിലാക്കാമെന്നാണ് ബാങ്കിങ് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.
എന്നാല്‍ ഇതിനൊപ്പം തന്നെ ഈ മേഖലയുടെ ഭാവിയെ പറ്റിയും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഉപയോഗത്തിനായി പ്രത്യേക ടൈം സോണ്‍ ഉണ്ടാകുമെന്നും ഇത് ബാലന്‍സ് ചെയ്യുന്നതിന് പണം അങ്ങനെ തന്നെ അടയ്ക്കുന്ന സംവിധാനവും ഉണ്ടാകുമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. മാത്രമല്ല ഇന്‍ഷുറന്‍സിലും മറ്റ് നിക്ഷേപ പദ്ധതികളിലേക്കും കൂടുതല്‍ പണം ഒഴുകിയെത്തുന്നതിന് ഇത് സഹായിക്കുമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.