
നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ മുതലാക്കി ചെറു ഐടി കമ്പനികളെ ചുളുവിൽ വാങ്ങാൻ തയ്യാറെടുക്കുകയാണ് രാജ്യത്തെ ഐടി ഭീമന്മാർ. പ്രധാന ഐടി കമ്പനികളായ ടാറ്റാ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഇത്തരത്തിൽ ചെറിയ എതിരാളികളെ കമ്പനികളിലേയ്ക്ക് ചേർക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി ഈ മൂന്ന് കമ്പനികൾക്കും മൊത്തത്തിൽ 13 ബില്യൺ ഡോളറിലധികം കരുതൽ പണമുണ്ട്.
ഈ ഏറ്റെടുക്കൽ തന്ത്രത്തിലൂടെ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. ബിസിനസ്സ് സാധാരണ നിലയിലായി കഴിഞ്ഞാൽ കമ്പനികളുടെ വളർച്ച വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന 2008-09 യുഎസ് സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്, ടിസിഎസ് ഇന്ത്യയിലെ സിറ്റിഗ്രൂപ്പിന്റെ ക്യാപ്റ്റീവ് ബിസിനസ് പ്രോസസ് സെന്റർ 505 മില്യൺ ഡോളറിന് വാങ്ങിയിരുന്നു. പിന്നീട് ആഗോള ബാങ്കുമായി ഒരു ദശാബ്ദക്കാലം 2.5 ബില്യൺ ഡോളർ കരാർ ഒപ്പിടാൻ ഇത് സഹായിച്ചു.
ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നിവയുടെ കരുതൽ പണം യഥാക്രമം 5.9 ബില്യൺ, 3.6 ബില്യൺ, 3.53 ബില്യൺ ഡോളർ എന്നിങ്ങനെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടിസിഎസ് മുമ്പ് കൺസൾട്ടൻസി ബ്രിഡ്ജ് പോയിന്റ് ഗ്രൂപ്പ്, ഡിസൈൻ കമ്പനിയായ ഡബ്ല്യു 12 എന്നിവ പോലുള്ള കമ്പനികൾ ഏറ്റെടുത്തിട്ടുണ്ട്, കൂടാതെ ജനറൽ മോട്ടോഴ്‌സിന്റെ ചില ഓഹരികളും ടിസിഎസ് വാങ്ങിയിരുന്നു.
ഇന്ത്യയിലെ ഐടി കമ്പനികളിൽ വിപ്രോയാണ് നിലവിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി കൊണ്ടിരിക്കുന്നത്. കൊവിഡ് -19 അനുബന്ധ മാന്ദ്യങ്ങൾക്കിടയിലും കൂടുതൽ ലയനങ്ങൾക്കും ഏറ്റെടുക്കലുകൾക്കുമായി പണം വിന്യസിക്കുന്നതിൽ ഇന്ത്യയുടെ നാലാമത്തെ വലിയ സോഫ്റ്റ്വെയർ കമ്പനിയായ വിപ്രോ താൽപ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഹെൽത്ത്പ്ലാൻ സർവീസസ് (എച്ച്പിഎസ്), അപ്പീറിയോ, ഡിസൈൻ കൺസൾട്ടൻസികളായ ഡിസൈനിറ്റ്, കൂപ്പർ, കൂടാതെ ഇൻഫോസെർവർ, ഇന്റർനാഷണൽ ടെക്ഗ്രൂപ്പ് തുടങ്ങിയ ചെറിയ സ്ഥാപനങ്ങൾ സ്വന്തമാക്കാൻ 2016 മുതൽ വിപ്രോ ഒരു ബില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ട്.
കുറഞ്ഞ വിലയ്ക്ക് കമ്പനികളെ തിരഞ്ഞെടുക്കുന്നതിനുള്ള ശരിയായ സമയം സാമ്പത്തിക മാന്ദ്യമാണെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. സെയിൽഫോഴ്‌സുമായി പങ്കാളിയായി സിംപ്ലസ് ഏറ്റെടുക്കുന്നതിൽ 250 മില്യൺ ഡോളർ ഇൻഫോസിസ് മാർച്ചിൽ ചെലവഴിച്ചിരുന്നു. മുമ്പ്, മോർട്ട്ഗേജ് അഡ്മിനിസ്ട്രേഷൻ വാഗ്ദാനം ചെയ്യുന്ന സ്റ്റേറ്റർ എൻവിയിലെ ഭൂരിപക്ഷ ഓഹരികളും എബിഎൻ അമ്രോയിൽ നിന്ന് 1,000 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ഫിന്നിഷ് സെയിൽസ്ഫോഴ്സ് കൺസൾട്ടിംഗ് സ്ഥാപനമായ ഫ്ലൂയിഡോയും ഇൻഫോസിസ് വാങ്ങിയിരുന്നു. ഈ കാലയളവിൽ താൽപ്പര്യമുള്ള ഏതെങ്കിലും ആസ്തികൾ ലഭിക്കുമോയെന്ന് കാത്തിരിക്കുകയാണ് ഇൻഫോസിസും.