സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് എത്രയും വേഗം തീരുമാനമുണ്ടാകണമെന്ന് സുപ്രീം കോടതി; ഗൂഗിളും യൂട്യൂബും മറുപടി നല്‍കേണ്ടത് 13നകം

September 14, 2019 |
|
News

                  സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് എത്രയും വേഗം തീരുമാനമുണ്ടാകണമെന്ന് സുപ്രീം കോടതി; ഗൂഗിളും യൂട്യൂബും മറുപടി നല്‍കേണ്ടത് 13നകം

ഡല്‍ഹി: രാജ്യത്ത് സമൂഹ മാധ്യമ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് എത്രയും വേഗത്തില്‍ തീരുമാനം കൈകൊള്ളണമെന്ന് സുപ്രീം കോടതി. ഇത്തരം അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് ആധാര്‍ അടക്കമുള്ള രേഖകള്‍ വേണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ഇക്കാര്യം ഉന്നയിച്ച് മൂന്ന് ഹൈക്കോടതികളില്‍ വന്ന ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്കും ഹര്‍ജി നല്‍കുകയുണ്ടായി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടക്കം എതിര്‍ കക്ഷികളാണ്. സര്‍ക്കാരിനുള്‍പ്പടെ സുപ്രീം കോടതി ആഗസ്റ്റ് 20ന് നോട്ടീസ് നല്‍കിയിരുന്നു. മാത്രമല്ല ഐടി ഭീമന്മാരായ ഗൂഗിള്‍, യൂട്യൂബ്, ട്വിറ്റര്‍ എന്നിവയ്ക്കും നോട്ടീസ് നല്‍കുകയും സെപ്റ്റംബര്‍ 13നകം മറുപടി നല്‍കണമെന്നും ജസ്റ്റീസ് ദീപക്ക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 

മാത്രമല്ല ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താല്‍ ഹൈക്കോടതിയാണോ സുപ്രീം കോടതിയാണോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നതില്‍ വ്യക്തതയായിട്ടില്ലെന്നും ജസ്റ്റീസുമാരായ ദീപക്ക് ഗുപ്തയും അനിരുദ്ധ ബോസും വ്യക്തമാക്കി. മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളില്‍ നിലവിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫെയ്‌സ്ബുക്കിന്റെ ഹര്‍ജി മാത്രമാണു പരിഗണനയിലുള്ളത്. വിഷയത്തില്‍ എത്രയും പെട്ടെന്നു തീരുമാനമെടുക്കേണ്ടതുണ്ട്. 

ആധാറും സമൂഹമാധ്യമങ്ങളും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സെപ്റ്റംബര്‍ 24നു പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിനു സമയം അനുവദിക്കാമെന്നും കോടതി അറിയിച്ചു. സുപ്രീംകോടതിയിലേക്കു കേസ് മാറ്റുന്നതു സംബന്ധിച്ചു കേന്ദ്രത്തിനു തടസ്സവാദങ്ങളൊന്നുമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. 

ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാതെയാണു സമൂഹമാധ്യമങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുന്നതിനും കുറ്റകൃത്യങ്ങള്‍ പെരുകുന്നതു പ്രതിരോധിക്കുന്നതിനും തടസ്സമാകുന്നുണ്ട്. ആധാറും സമൂഹമാധ്യമങ്ങളുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാമെങ്കിലും ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയോടു വ്യക്തമാക്കിയിരുന്നു. ഈ വിധിയില്‍ ഭേദഗതി വേണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

വിചാരണയുടെ നിര്‍ണായക ഘട്ടത്തില്‍ മുന്നോട്ടു പോകാന്‍ കോടതിക്ക് ആകുന്നില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ പറഞ്ഞു. പല ക്രിമിനല്‍ കേസുകളിലും സമൂഹമാധ്യമ കമ്പനികളില്‍ നിന്നു വിവരം തേടി സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇന്ത്യയിലാണു പ്രവര്‍ത്തിക്കുന്നതെങ്കിലും സമൂഹമാധ്യമ കമ്പനികളില്‍ നിന്ന് എന്തെങ്കിലും വിവരം വേണമെങ്കില്‍ വിദേശ കോടതിയിലേക്ക് ഔദ്യോഗികമായി കത്തെഴുതി ചോദിക്കേണ്ട അവസ്ഥയാണ്. ഇതു പല കേസുകളുടെയും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved