5ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 458 ശതമാനത്തിന്റെ വളര്‍ച്ച

May 03, 2021 |
|
News

                  5ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 458 ശതമാനത്തിന്റെ വളര്‍ച്ച

2021 കലണ്ടര്‍ വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ആഗോളതലത്തില്‍ വിറ്റത് 134 മില്യണ്‍ 5ജി സ്മാര്‍ട്ട്ഫോണുകള്‍. കൃത്യമായി പറഞ്ഞാല്‍, 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെ കാലയളവിലെ ഷിപ്മെന്റ് 133.9 ദശലക്ഷമാണ്. 2020 ഒന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 458 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചത്. 2020 ജനുവരി മുതല്‍ മാര്‍ച്ച് വരെ 24 മില്യണ്‍ 5ജി സ്മാര്‍ട്ട്ഫോണുകളാണ് ആഗോളതലത്തില്‍ വിറ്റത്. ചൈനീസ് വിപണിയിലാണ് 5ജി സ്മാര്‍ട്ട്ഫോണുകള്‍ അതിവേഗം വിറ്റുപോകുന്നത്. ഇത് ആഗോളതലത്തിലുള്ള ഡിമാന്‍ഡിനെ സഹായിച്ചു. ചൈനയില്‍ 5ജി സ്മാര്‍ട്ട്ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളത് ആപ്പിള്‍, ഓപ്പോ, വിവോ, ഷവോമി ബ്രാന്‍ഡുകളെയാണ് തുണച്ചത്. 'സ്ട്രാറ്റജി അനലിറ്റിക്സ്' ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടു.   

മേല്‍പ്പറഞ്ഞ ബ്രാന്‍ഡുകളില്‍ ആപ്പിളാണ് 5ജി ലീഡര്‍. ആഗോളതലത്തില്‍ മുപ്പത് ശതമാനമാണ് വിപണി വിഹിതം. 2021 ഒന്നാം പാദത്തില്‍ 40.4 മില്യണ്‍ 5ജി ഐഫോണുകളാണ് ആപ്പിളിന്റെ ഷിപ്മെന്റ്. 2020 നാലാം പാദത്തില്‍ 52 മില്യണ്‍ ഷിപ്മെന്റുകള്‍ നടത്തിയിരുന്നു. 2021 ഒന്നാം പാദത്തില്‍ ആഗോള 5ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 30 ശതമാനം വിപണി വിഹിതവുമായി ആപ്പിള്‍ ഐഫോണ്‍ 5ജി ലീഡറായി മാറിയെന്ന് സ്ട്രാറ്റജി അനലിറ്റിക്സ് ഡയറക്റ്റര്‍ കെന്‍ ഹിയേഴ്സ് പറഞ്ഞു. ചൈന, യൂറോപ്പ്, യുഎസ് എന്നീ വിപണികളില്‍ ആപ്പിള്‍ ഐഫോണ്‍ 12 5ജി വലിയ ജനപ്രീതിയാണ് നേടിയത്. സ്ലീക്ക് ഹാര്‍ഡ്വെയര്‍ രൂപകല്‍പ്പനയും മല്‍സരാധിഷ്ഠിതമായി വില നിശ്ചയിച്ചതുമാണ് ഈ ജനപ്രീതിയുടെ അടിസ്ഥാനം.   

2021 ഒന്നാം പാദത്തില്‍ ആഗോള 5ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 16 ശതമാനം വിപണി വിഹിതമാണ് ഓപ്പോ നേടിയത്. ഇരട്ടിയിലധികം വളര്‍ച്ച. 2020 ഒന്നാം പാദത്തില്‍ ഏഴ് ശതമാനമായിരുന്നു വിപണി വിഹിതം. 2021 ഒന്നാം പാദത്തില്‍ 14 ശതമാനം വിപണി വിഹിതമാണ് വിവോ നേടിയത്. 19.4 മില്യണ്‍ 5ജി സ്മാര്‍ട്ട്ഫോണുകള്‍ വില്‍പ്പന നടത്തി. മുന്‍ വര്‍ഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 646 ശതമാനം വളര്‍ച്ച. ഇതോടെ ഇക്കഴിഞ്ഞ പാദത്തില്‍ ആഗോള 5ജി സ്മാര്‍ട്ട്ഫോണ്‍ ഷിപ്മെന്റുകളുടെ എണ്ണത്തില്‍ വിവോ നേടിയത് മൂന്നാം സ്ഥാനമാണ്.

Related Articles

© 2025 Financial Views. All Rights Reserved