
മനില: കൊറോണ വൈറസ് ബാധ, ലോക സമ്പദ് ഘടനയില്‍ നിന്ന് 4.1 ട്രില്യണ്‍ ഡോളര്‍ തുടച്ചുനീക്കുമെന്ന് ഏഷ്യന്‍ ഡെവലപ്പമെന്റ് ബാങ്ക് (എഡിബി). ഈ തുക ആഗോള മൊത്ത ഉല്‍പ്പാദത്തിന്റെ (ജിഡിപി) 5 ശതമാത്തോളമാണെന്നും എഡിബി വ്യക്തമാക്കി. 'നൂറ്റാണ്ടിന്റെ മഹാമാരി' എന്നാണ് എഡിബി കോവിഡ്-19 നെ വിശേഷിപ്പിക്കുന്നത്. ഇതേത്തുടര്‍ന്ന് ഉണ്ടാവുന്ന സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ ദൈര്‍ഘ്യമേറിയ ആഘാതങ്ങളും കണക്കിലെടുക്കുമ്പോള്‍, ഇപ്പോള്‍ കണക്കാക്കപ്പെടുന്ന നഷ്ടം കുറവാണെന്നും ബാങ്ക് വിലയിരുത്തുന്നു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ രോഗത്തെ പിടിച്ചു കെട്ടാന്‍ സാധിച്ചാല്‍, നഷ്ടം 2 ട്രില്യന്‍ ഡോളറില്‍ ഒതുങ്ങുമെന്നും ഫിലിപ്പീന്‍സിലെ മനില ആസ്ഥാനമായ ബാങ്ക് പറയുന്നു. അതേസമയം ഏഷ്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ച 2.2 ശതമാനത്തിലേക്ക് ഒതുങ്ങും. 1998 ല്‍ ഏഷ്യന്‍ സാമ്പത്തിക തകര്‍ച്ചയേത്തുടര്‍ന്ന് ഉണ്ടായ 1.7 ശതമാനം വളര്‍ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാവും ഇത്. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയാവട്ടെ 2019 ലെ 6.1 ശതമാനത്തില്‍ നിന്ന് 2.3 ശതമാനമായി കുറയും. 628 ബില്യണ്‍ ഡോളറിന്റെ ജിഡിപി നഷ്ടമാണ് ചൈനയെ കാത്തിരിക്കുന്നത്.
കോവിഡ്-19 ന്റെ വ്യാപനം എത്രത്തോളമാവുമെന്ന് ആര്‍ക്കും പറയാനാവില്ല. അതുകൊണ്ട് രോഗപ്രതിരോധത്തിന് ഇപ്പോള്‍ കണക്കാക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം എടുത്തേക്കാം എന്ന് എഡിബിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധനായ യസുയുകി സവാഡ പറയുന്നു. കനത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗബാധ ഈ വര്‍ഷത്തില്‍ അവസാനിക്കുകയും 2021 ല്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്കെത്തും എന്ന പ്രതീക്ഷയിലുള്ളതാണ് ഇപ്പോഴത്തെ കണക്കുകള്‍. എന്നാല്‍ വൈറസിന്റെ കൂടുതല്‍ മാരകമായ ഒരു തിരിച്ചുവരവും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രവചനങ്ങള്‍ക്കപ്പുറമാകും തിരിച്ചടിയെന്നും സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് അത്ര എളുപപ്ത്തിലായിരിക്കില്ലെന്നും സവാഡ നിരീക്ഷിച്ചു.