റഷ്യ-യുക്രൈന്‍ യുദ്ധം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഐഎംഎഫ്

March 18, 2022 |
|
News

                  റഷ്യ-യുക്രൈന്‍ യുദ്ധം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഐഎംഎഫ്

വാഷിംഗ്ടണ്‍: യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോളതലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് ഐഎംഎഫ്. എന്നാല്‍, യുദ്ധം ചൈനയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ താരതമ്യേന ചെറുതാണെന്നും ഐഎംഎഫ് പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ വിവിധ വഴികളിലൂടെയാകും ഈ പ്രതിസന്ധി കടന്നുവരുന്നത്. ഇത് കൊവിഡ്-19 സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ സ്വാധീനത്തില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നും ഐഎംഎഫിന്റെ കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ ഗെറി റൈസ് പറഞ്ഞു.

കൂടാതെ, ആഗോള എണ്ണവിലയില്‍ കുത്തനെയുണ്ടായ വര്‍ദ്ധനവ് ഇതു സൃഷ്ടിച്ച വ്യാപര ആഘാതത്തിന്റെ തെളിവാണ്. ഇത് ഉയര്‍ന്ന പണപ്പെരുപ്പത്തിലേക്കും, കറന്റ് അക്കൗണ്ട് കമ്മിയിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ ഗോതമ്പ് പോലുള്ള കയറ്റുമതി ചരക്കുകളുടെ വിലയിലെ അനുകൂലമായ ചില ചലനങ്ങള്‍ കറന്റ് അക്കൗണ്ടിലെ ആഘാതത്തെ ഭാഗികമായി കുറയ്ക്കും.

യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ചൈനീസ് സമ്പദ്വ്യവസ്ഥകളില്‍ യുക്രെയ്ന്‍ യുദ്ധമുണ്ടാക്കിയ പ്രതാഘാതം ഇന്ത്യയുടെ കയറ്റുമതിക്കുള്ള ബാഹ്യ ഡിമാന്‍ഡിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. കൂടാതെ യുദ്ധം മൂലമുള്ള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ഇന്ത്യയുടെ ഇറക്കുമതി ഉത്പന്നങ്ങളുടെ അളവുകളെയും, വിലകളെയും പ്രതികൂലമായി ബാധിക്കുമെന്നും റൈസ് പറഞ്ഞു. സാമ്പത്തിക ഞെരുക്കങ്ങളും, വര്‍ദ്ധിക്കുന്ന അനിശ്ചിതത്വങ്ങളും ഉയര്‍ന്ന കടമെടുപ്പ് ചെലവുകളിലേക്കും, കുറഞ്ഞ ആത്മവിശ്വാസത്തിലേക്കും നയിക്കും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്കു ചുറ്റും ശക്തമായ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നും റൈസ് അഭിപ്രായപ്പെട്ടു.

Read more topics: # IMF, # ഐഎംഎഫ്,

Related Articles

© 2025 Financial Views. All Rights Reserved