
ന്യൂഡല്‍ഹി: കോവിഡ്-19 കാരണം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് 5.8-8.8 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാവുമെന്ന് ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി). ഇത് ആഗോള ജി.ഡി.പി.യുടെ 6.4-9.7 ശതമാനം വരുമെന്നും എ.ഡി.ബി. പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ നഷ്ടം 14,200-21,800 കോടി ഡോളറായിരിക്കും. ദക്ഷിണേഷ്യയുടെ ജി.ഡി.പി.യില്‍ 3.9 മുതല്‍ ആറു ശതമാനം വരെ ഇടിവുണ്ടാകും. പ്രധാനമായും ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളെയായിരിക്കും ഇത് കൂടുതല്‍ ബാധിക്കുക. സര്‍ക്കാരുകളുടെ ഉത്തേജക പാക്കേജ് അടക്കമുള്ള നടപടികള്‍ മൂലം നഷ്ടം 30-40 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഏപ്രില്‍ മൂന്നിന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് രണ്ട് മുതല്‍ 4.1 ലക്ഷം കോടി ഡോളറിന്റെ നഷ്ടം വരുമെന്നായിരുന്നു എ.ഡി.ബി. പറഞ്ഞിരുന്നത്. അതേസമയം, ലോക ബാങ്ക് ആഗോള ജി.ഡി.പി. രണ്ടു മുതല്‍ നാലു ശതമാനം വരെയും ഐ.എം.എഫ്. 6.3 ശതമാനം വരെയും കുറയുമെന്നാണ് വിലയിരുത്തുന്നത്.