
ന്യൂഡല്‍ഹി: ആഗോള സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് ഈ സാമ്പത്തിക വര്‍ഷം വലിയ തിരിച്ചടിയുണ്ടാകുമെന്ന് ആര്‍ബിഐയുടെ റിപ്പോര്‍ട്ട്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം മൂലം അസംസ്‌കൃത വസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകുന്നുണ്ട്. വിതരണ ശൃംഖലകളില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതാണ് ഇതിനുള്ള കാരണമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
ചൈനയിലെ മാന്ദ്യവും പാരീസ് ഉടമ്പടിയും ആഗോള സമ്പദ്‌വ്യവസ്ഥക്ക് മുന്നിലെ വെല്ലുവിളികളാണ്. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചു വരികയാണ്. രാജ്യത്തെ മാക്രോഇക്കണോമിക്‌സ് സൂചകങ്ങള്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും ആര്‍ബിഐ വ്യക്തമാക്കി. നേരത്തെ പണപ്പെരുപ്പം പരിധികള്‍ ലംഘിച്ചതോടെ ആര്‍ബിഐ വായ്പ പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. പലിശനിരക്കില്‍ 40 ബേസിക് പോയിന്റിന്റെ വര്‍ധനവാണ് വരുത്തിയത്. കഴിഞ്ഞ ദിവസം ലോകസമ്പദ്‌വ്യവസ്ഥ മാന്ദ്യമുണ്ടാവുമെന്ന പ്രവചനം ലോകബാങ്ക് നടത്തിയിരുന്നു.