സംസ്ഥാന ആസൂത്രണ ബോര്‍ഡ് രാജ്യാന്തര സമ്മേളനം: ഫെബ്രുവരി 1 മുതല്‍ 3 വരെ

January 23, 2021 |
|
News

                  സംസ്ഥാന ആസൂത്രണ ബോര്‍ഡ് രാജ്യാന്തര സമ്മേളനം: ഫെബ്രുവരി 1 മുതല്‍ 3 വരെ

കേരളത്തെ വിദഗ്ധ തൊഴില്‍ കേന്ദ്രമാക്കി രാജ്യാന്തര തലത്തില്‍ ഉയര്‍ത്താനുള്ള സാധ്യതകളും നടപടികളും ചര്‍ച്ച ചെയ്യുന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ രാജ്യാന്തര സമ്മേളനം ഫെബ്രുവരി ആദ്യവാരം. ഒന്‍പത് സുപ്രധാന മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ പ്രധാനമായും വിഷയമാകുന്ന സമ്മേളനം ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. ആഗോളപ്രശസ്തരായ നയരൂപീകരണ വിദഗ്ധര്‍, വ്യാവസായിക പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തൊഴില്‍ മേഖലയിലുണ്ടായ തകര്‍ച്ചയില്‍ നിന്ന് കരകയറാനുളള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനൊപ്പം സംസ്ഥാനത്തെ നൈപുണ്യ വികസന പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന പുതിയ കാഴ്ചപ്പാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സമ്മേളനം രൂപം നല്‍കും. സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതില്‍ നൈപുണ്യ പരിശീലനത്തിന്റെയും നവീകരണത്തിന്റെയും പങ്കും പുത്തന്‍ സാങ്കേതികവിദ്യകളുടെ കടന്നുവരവ് ബിസിനസ് രംഗത്തുണ്ടാക്കുന്ന മാറ്റങ്ങളും ചര്‍ച്ചയാകുമെന്ന് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ വി കെ രാമചന്ദ്രന്‍ അറിയിച്ചു.

അതിവേഗത്തില്‍ വളരുന്ന വിവരസാങ്കേതിക, ആശയവിനിമയ ജോലികളുടെ സ്വഭാവം കണക്കിലെടുത്ത് റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ത്രി ഡി പ്രിന്റിംഗ് തുടങ്ങിയ തൊഴില്‍ മേഖലകളില്‍ കേരളം ഇതിനോടകം തന്നെ തുടക്കമിട്ടിട്ടുണ്ട്. സാങ്കേതികവും തൊഴില്‍പരവുമായ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് യുവാക്കള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള നൈപുണ്യ വികസനവും പരിശീലനവും ലഭ്യമാക്കേണ്ടതുണ്ട്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ ഘടനാപരമായ പരിവര്‍ത്തന പ്രക്രിയയില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

© 2024 Financial Views. All Rights Reserved