
ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയിലിന് ഇപ്പോള്‍ 1.5 ബില്ല്യന്‍ പ്രതിമാസ സജീവ ഉപയോക്താക്കളുണ്ടെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. 2004 ഏപ്രില്‍ ഒന്നിനാണ് പോള്‍ ബുച്ചെറ്റ് ജിമെയില്‍ സൃഷ്ടിച്ചത്. ഒരു ഉപയോക്താവിന് ഒരു ജിഗാബൈറ്റ് സ്റ്റോറേജ് കപ്പാസിറ്റി ഉപയോഗിച്ച് ആയിരുന്നു ജിമെയില്‍ ആരംഭിച്ചിരുന്നത്. ഇന്ന്, ജിമെയില്‍ 15GB സൗജന്യ സ്റ്റോറേജ് അനുവദിക്കുന്നു. ഉപയോക്താക്കള്‍ക്ക് 25MB വരെ വലുപ്പമുള്ള മെയിലുകള്‍ അയയ്ക്കാന്‍ കഴിയും. അറ്റാച്ച്‌മെന്റുകള്‍ ഉള്‍പ്പെടെ 50MB വരെ വലുപ്പമുള്ള ഇമെയിലുകള്‍ ലഭിക്കും. വലിയ ഫയലുകള്‍ അയയ്ക്കാന്‍, ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ഡ്രൈവില്‍ നിന്നും ഫയലുകള്‍ ചേര്‍ക്കാനുമാകും. യാഹൂ മെയിലിന് ഒരു മാസത്തില്‍ 228 ദശലക്ഷം ഉപയോക്താക്കളാണുള്ളത്.
ഗൂഗിള്‍ നല്‍കുന്ന ഒരു ഇ-മെയില്‍ സേവനമാണ് ജിമെയില്‍. യുണൈറ്റഡ് കിങ്ഡം, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ ഗൂഗിള്‍ മെയില്‍ എന്നാണ് ഈ സേവനം ഔദ്യോഗികമായി അറിയപ്പെടുന്നത്. വെബ് മെയില്‍ ആയോ പോപ്പ് 3, ഐമാപ്പ്(IMAP) പ്രോട്ടോക്കോള്‍ ഉപയോഗിച്ചോ ജിമെയില്‍ ഉപയോഗിക്കാം. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഇ-മെയില്‍ സേവനങ്ങളിലൊന്നാണ് ജിമെയില്‍. ജിമെയിലിന്റെ ഒരു വര്‍ഷത്തിനു ശേഷം കമ്പനി ഗൂഗിള്‍ മാപ്‌സ് ആരംഭിച്ചു. ഇപ്പോഴത്തെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന മാപ്പ് സര്‍വ്വീസ് ആണ് ഇത്. ഗൂഗിള്‍ ആന്‍ഡ്രോയിഡ്, യൂട്യൂബ് എന്നീ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളും വീഡിയോ ഷെയറിങ് സൈറ്റും ഇതിനോടകം ഗൂഗിള്‍ വാങ്ങുകയും ചെയ്തു.
ലളിതമായ ഒരു വെബ് ഇന്റര്‍ഫേസ് ജിമെയില്‍ പ്രദാനം ചെയ്യുന്നു, വോയ്‌സ് ചാറ്റ് വീഡിയോ ചാറ്റ്, ടെക്സ്റ്റ് ചാറ്റ് മുതലായവ ചെയ്യുന്നതിനും ഇതില്‍ സൗകര്യമുണ്ട്. മലയാളം തുടങ്ങി ഒരുപാട് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാം, എല്ലാ മെയിലുകളും സെലക്ട് ചെയ്യാനുള്ള സൗകര്യം, വോയ്‌സ് മെയില്‍ വായിക്കാനുള്ള സൗകര്യം, ചിത്രങ്ങള്‍ അടങ്ങിയ പരസ്യങ്ങള്‍ ഇല്ല തുടങ്ങിയ പല ഗുണങ്ങളും ഗൂഗിള്‍ മെയിലിനുണ്ട്. ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗത ഉള്ളതല്ലെങ്കില്‍ ചാറ്റ് സംവിധാനം ഉപയോഗിക്കാന്‍ സാധിച്ചേക്കില്ല. നിലവില്‍ 7 ഗിഗാബൈറ്റ്‌സിലേറെ സംഭരണസ്ഥലം ജിമെയില്‍ സൗജന്യമായി നല്‍കുന്നുണ്ട്. ഇത് ദിവസേന വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.