
ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളെല്ലാം രാജ്യത്ത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. 75 മൈക്രോണില്‍ത്താഴെയുള്ള എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളുമാണ് നിരോധിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജൂലൈ 1 മുതല്‍ നിരോധനം നിലവില്‍ വരും. പ്ലാസ്റ്റിക് പ്‌ളേറ്റ്, കപ്പ്, ഗ്‌ളാസ്, ട്രേ, മിഠായി കവര്‍ എന്നിവക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം അടുത്ത വര്‍ഷം ജൂലൈ 1 മുതല്‍ ഉത്പാദിപ്പിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
നേരത്തേ 50 മൈക്രോണില്‍ത്താഴെയുള്ള ഉത്പന്നങ്ങളെല്ലാം കേന്ദ്രം നിരോധിച്ചിരുന്നു. എന്നാലിനി 50 മൈക്രോണുള്ള പോളിത്തീന്‍ ബാഗുകള്‍ രാജ്യത്ത് ഉപയോഗിക്കാനാകില്ല. 120 മൈക്രോണ്‍ മുതല്‍ മുകളിലേക്ക് മാത്രമേ പോളിത്തീന്‍ ബാഗുകള്‍ നിര്‍മിക്കാനോ ഉപയോഗിക്കാനോ പാടുള്ളൂ. സെപ്റ്റംബര്‍ 30 മുതലാകും ഈ നിരോധനം നിലവില്‍ വരിക. രണ്ട് ഘട്ടമായിട്ടാകും ഈ നിരോധനം നടപ്പാക്കുക. ഇതിന്റെ ആദ്യഘട്ടമാണ് സെപ്റ്റംബര്‍ 30-ന് തുടങ്ങുന്നത്.
അതായത്, സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ത്താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കാന്‍ പാടില്ല. അടുത്ത വര്‍ഷം ഡിസംബര്‍ 31 മുതല്‍ 120 മൈക്രോണില്‍ത്താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളും പൂര്‍ണമായും നിരോധിക്കും. കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ് ഈ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ മൈക്രോണിലുള്ള പ്ലാസ്റ്റികിന്റെ നിര്‍മാണം, കയറ്റുമതി, സംഭരണം, വിതരണം, വില്‍പ്പന എന്നിങ്ങനെ എല്ലാ നടപടികളും നിരോധിച്ചിട്ടുണ്ട്. കുറഞ്ഞ മൈക്രോണിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ ആ ഉത്പന്നം തന്നെ ജൂലൈ 1, 2022 മുതല്‍ നിരോധിക്കും.