
രാജ്യത്തെ പ്രമുഖ ഇന്റഗ്രേറ്റഡ് ബയോറിഫൈനറിയും ഏറ്റവും വലിയ എഥനോള്‍ നിര്‍മ്മാതാക്കളിലൊരാളുമായ ഗോദാവരി ബയോറിഫൈനറീസ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സെബിക്ക് മുമ്പാകെ ഫയല്‍ ചെയ്തു. 370 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും പ്രൊമോട്ടര്‍മാരുടെയും നിക്ഷേപകരുടെയും 65,58,278 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയിലുമായിരിക്കും ഐപിഒ. ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തേക്കും. ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവയെയാണ് ഐപിഒയ്ക്കായി കമ്പനി തെരഞ്ഞെടുത്തിട്ടുള്ളത്.
സമീര്‍ ശാന്തിലാല്‍ സോമയ്യ, സൊമയ്യ ഏജന്‍സീസ് എന്നിവരുടെ 5 ലക്ഷം ഓഹരികള്‍, മണ്ഡല ക്യാപിറ്റലിന്റെ 49.27 ലക്ഷം ഓഹരികള്‍, ഫിലിമീഡിയ കമ്മ്യൂണിക്കേഷന്‍ സിസ്റ്റത്തിന്റെ 3 ലക്ഷം ഓഹരികള്‍, സോമയ്യ പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്സിന്റെ 1.31 ലക്ഷം ഓഹരികള്‍, ലക്ഷ്മിവാടി മൈനസ് ആന്‍ഡ് മിനറല്‍സിന്റെ 2 ലക്ഷം ഓഹരികള്‍ എന്നിവയാണ് ഓഫര്‍ ഫോര്‍ സെയ്ലില്‍ ഉള്‍പ്പെടുന്നത്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയില്‍ ഒരു വിഹിതം വായ്പ തിരിച്ചടവിന് വിനിയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബാക്കി തുക പുതുതായി ആരംഭിക്കുന്ന യൂണിറ്റുകള്‍ക്കുള്ള മൂലധനത്തിനായി നീക്കിവയ്ക്കും. പഞ്ചസാര, റെക്ടിഫൈഡ് സ്പിരിറ്റുകള്‍, എത്തനോള്‍, വൈദ്യുതി എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ ഗോദാവരി ബയോറിഫൈനറീസിനുണ്ട്.