കൊവിഡിനിടയിലും നേട്ടമുണ്ടാക്കി ഗോദ്റേജ്; മൊത്ത ലാഭം 366 കോടി രൂപ

May 12, 2021 |
|
News

                  കൊവിഡിനിടയിലും നേട്ടമുണ്ടാക്കി ഗോദ്റേജ്; മൊത്ത ലാഭം 366 കോടി രൂപ

മുംബൈ: കൊവിഡിനിടയിലും നേട്ടമുണ്ടാക്കി ഗോദ്റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്. മാര്‍ച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഗോദ്റേജ് കണ്‍സ്യൂമേഴ്സ് ഉണ്ടാക്കിയ മൊത്ത ലാഭം 366 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി ഉണ്ടാക്കിയ ലാഭം 230 കോടി രൂപയായിരുന്നു. ഒറ്റ വര്‍ഷത്തില്‍ 59 ശതമാനത്തിന്റെ വര്‍ദ്ധനയാണ് മൊത്ത ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ മൊത്ത വില്‍പനയുടെ കണക്കുകളും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്.

2020 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 2,133 കോടി രൂപയുടെ മൊത്ത വില്‍പനയാണ് ഉണ്ടായിരുന്നത്. 2021 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 2,706 കോടി രൂപയുടെ മൊത്ത വില്‍പനയാണ് കമ്പനി നേടിയത്. 2021 ഒക്ടോബര്‍ 18 ന് ആയിരുന്നു പുതിയ മാനേജിങ് ഡയറക്ടറും സിഇഒയും ആയി സുധീര്‍ സീതാപതിയെ കമ്പനി നിയമിച്ചത്. നേരത്തെ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്നു അദ്ദേഹം. സുധീര്‍ സീതാപതിയുടെ വരവോടെ കമ്പനിയുടെ വളര്‍ച്ചയില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്.

കൊവിഡിന്റെ രണ്ടാം തരംഗം പലതരത്തില്‍ കമ്പനിയുടെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയേക്കും എന്നാണ് വിലയിരുത്തല്‍. പ്രാദേശിക ലോക്ക്ഡൗണുകള്‍ മൂലം കമ്പനിയുടെ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായേക്കും. എന്നാല്‍ സോപ്പുകളും സാനിറ്റൈസറുകളും പോലുള്ളവയുടെ വില്‍പനയില്‍ വര്‍ദ്ധനയും പ്രതീക്ഷിക്കുന്നുണ്ട്. ഓഹരി വിപണിയിലും ഗോദ്റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് നേട്ടമുണ്ടാക്കി. 0.81 ശതമാനം ആണ് ഓഹരി മൂല്യം വര്‍ദ്ധിച്ചത്. ഒരു ഓഹരിയ്ക്ക് 715 രൂപയിലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ക്ലോസ് ചെയ്തത്.

Related Articles

© 2025 Financial Views. All Rights Reserved