
ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണം സ്വയം വെളിപ്പെടുത്തുന്നതിന് അവസരമൊരുക്കുന്ന 'ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി' നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആലോചിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈവശം വെച്ചിരിക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കുന്ന ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രാലയം തള്ളി.
ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈവശം വെച്ചിരിക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കാന്‍ ലക്ഷ്യമിട്ട് 2015 ല്‍ ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം ആലോചിച്ചിരുന്നു. വലിയ എതിര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്ന് ആ നീക്കം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ വീണ്ടും പദ്ധതി നടപ്പാക്കാന്‍ നീക്കം എന്നായിരുന്നു ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം കേന്ദ്ര ധനമന്ത്രാലയം തളളി.
ഭൌതിക ആവശ്യകത കുറയ്ക്കുന്നതിനായി വീടുകളും സ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന 25,000 ടണ്ണോളം വരുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്വര്‍ണ്ണ ശേഖരം കണ്ടെത്തുന്നതിന് 2015ല്‍ മോദി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പദ്ധതിയാണ് ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ക്ക് അവരുടെ സ്വര്‍ണ്ണം നിക്ഷേപിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ പദ്ധതി പരാജയപ്പെട്ടു.