സ്വര്‍ണാഭരണം വില്‍ക്കുമ്പോള്‍ ഇടപാട് രേഖകള്‍ സൂക്ഷിക്കണമെന്ന സര്‍ക്കുലര്‍ പിന്‍വലിക്കണം: എകെജിഎസ്എംഎ

January 05, 2021 |
|
News

                  സ്വര്‍ണാഭരണം വില്‍ക്കുമ്പോള്‍ ഇടപാട് രേഖകള്‍ സൂക്ഷിക്കണമെന്ന സര്‍ക്കുലര്‍ പിന്‍വലിക്കണം:  എകെജിഎസ്എംഎ

തിരുവനന്തപുരം: 10 ലക്ഷമോ അതിലധികമോ തുകയ്ക്കുളള സ്വര്‍ണാഭരണം വില്‍ക്കുമ്പോള്‍ അതിന്റെ ഇടപാട് രേഖകള്‍ സൂക്ഷിക്കണമെന്നും വിവരങ്ങള്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ജ്വല്ലറികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) സര്‍ക്കുലര്‍ അയച്ചു തുടങ്ങി. ഇത്തരത്തില്‍ ഉപഭോക്താക്കളുടെ വിവരം കൈമാറണമെന്നത് ദൂരവ്യാപക പ്രത്യാഘാതം ഉളവാക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

സ്വര്‍ണാഭരണ മേഖലയെ കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (PMLA) പരിധിയിലാക്കി 2020 ഡിസംബര്‍ 28 ന് പുറപ്പെടുവിച്ച ധനമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. പുതിയ നിയമ പ്രകാരം ഉപഭോക്താക്കള്‍ വര്‍ഷത്തില്‍ ഒന്നോ അതിലധികം തവണയായോ 10 ലക്ഷം രൂപയ്‌ക്കോ അതിന് മുകളിലോ സ്വര്‍ണഭരണങ്ങള്‍ വാങ്ങിയാല്‍ ഇനിമുതല്‍ ഇഡിയെ അറിക്കേണ്ടി വരുമെന്നും അസോസിയേഷന്‍ പറയുന്നു. ഇത്തരം ഇടപാടുകളുടെ രേഖകള്‍ സൂക്ഷിക്കുകയും വിവരങ്ങള്‍ കൃത്യമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ അറിയിക്കേണ്ടിയും വരും.

'രേഖകളില്ലാത്ത പണമോ സ്വര്‍ണമോ പിടിച്ചെടുത്താല്‍ 82.5% സര്‍ക്കാരിലേക്ക് പിഴ ചുമത്തുകയാണ് നിലവിലുള്ള നിയമം. എന്നാല്‍, പുതിയ സര്‍ക്കുലര്‍ പ്രകാരം രേഖകളില്ലാത്ത സ്വര്‍ണമോ പണമോ പിടിച്ചെടുത്താല്‍ അത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ഉടമയ്ക്കും ജീവനക്കാര്‍ക്കും മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നതുമാണ് പുതിയ നിയമം. പരമ്പരാഗതമായി നിയമാനുസരണം പ്രവര്‍ത്തിക്കുന്ന സ്വര്‍ണ വ്യാപാരികളെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെടുന്നു,' ഓള്‍ ഇന്‍ഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗണ്‍സില്‍ (GJC) ദേശീയ ഡയറക്ടറും ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍(AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.

വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്തായി വരുന്ന സ്വര്‍ണം എങ്ങോട്ടാണ് പോകുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കണ്ടുപിടിക്കാനാകാത്തത് നിരാശജനകമാണ്. സമൂഹത്തെയാകെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്ന നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved