ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗത്തില്‍ വന്‍ ഇടിവ്; 25 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്

October 30, 2020 |
|
News

                  ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗത്തില്‍ വന്‍ ഇടിവ്; 25 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്

ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗത്തില്‍ ഇപ്പോള്‍ കാണുന്ന പ്രവണത വരും മാസങ്ങളിലും തുടര്‍ന്നാല്‍, 1995നു ശേഷം ഏറ്റവും കുറഞ്ഞ സ്വര്‍ണ ഉപഭോഗം രേഖപ്പെടുത്തുന്ന വര്‍ഷമാകും 2020 എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ അനുമാനം. 2020 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ ഇന്ത്യയിലെ ഗോള്‍ഡ് ഡിമാന്റ് 252 ടണ്ണാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 496 ടണ്ണായിരുന്നു. 2019 കലണ്ടര്‍ വര്‍ഷത്തില്‍ 696 ടണ്ണായിരുന്ന രാജ്യത്തെ ഗോള്‍ഡ് ഡിമാന്റ്.

രാജ്യത്ത് അണ്‍ലോക്കിംഗ് പുരോഗമിച്ചാലും നിലവിലെ സാഹചര്യങ്ങളില്‍ സ്വര്‍ണ്ണത്തിന്റെ ആവശ്യകത വന്‍തോതില്‍ വര്‍ധിക്കാന്‍ സാധ്യതയില്ലെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ അനുമാനം. കല്യാണ സീസണുകള്‍ക്ക് കോവിഡിനെ തുടര്‍ന്ന് നിറം മങ്ങിയതും ജോലി നഷ്ടവും വേതനം വെട്ടിക്കുറയ്ക്കപ്പെട്ടതുമെല്ലാം രാജ്യത്തെ സ്വര്‍ണ ഉപഭോഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. 1995ല്‍ ഇന്ത്യയിലെ ഗോള്‍ഡ് ഡിമാന്റ് 462 ടണ്ണായിരുന്നു. അതിനുശേഷം പടിപടിയായി വര്‍ധനയാണ് സ്വര്‍ണ ഉപഭോഗത്തില്‍ ഉണ്ടായിരുന്നത്.

ആഗോളതലത്തിലും സ്വര്‍ണ ഉപഭോഗത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. പല കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നുണ്ടെങ്കിലും പ്രധാനമായും ആഭരണനിര്‍മാണത്തിനാണ് സ്വര്‍ണം ഉപയോഗിക്കുന്നത്. ആഭരണനിര്‍മാണത്തിനുള്ള സ്വര്‍ണ ഉപഭോഗത്തില്‍ ആഗോളതലത്തില്‍ 29 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. എന്നാല്‍ നിക്ഷേപമെന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ ഉപഭോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വര്‍ധനയുണ്ട്. സ്വര്‍ണ ബാര്‍  കോയ്ന്‍ എന്നിവയുടെ ഡിമാന്റില്‍ 48 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved