സ്വര്‍ണത്തിന് ഇന്ത്യയില്‍ ആവശ്യക്കാര്‍ കുറയുന്നുവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട്

October 20, 2021 |
|
News

                  സ്വര്‍ണത്തിന് ഇന്ത്യയില്‍ ആവശ്യക്കാര്‍ കുറയുന്നുവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട്

സ്വര്‍ണത്തിന് രാജ്യത്ത് ആവശ്യക്കാര്‍ കുറയുന്നത് ഇനിയും തുടരുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട്. കൊവിഡിനെ തുടര്‍ന്ന് ആളുകളുടെ വരുമാനം കുറഞ്ഞതാണ് പ്രധാന കാരണമായി കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നത്. വരുമാനം കുറഞ്ഞപ്പോള്‍ ആളുകള്‍ സമ്പാദ്യത്തിനായി മാറ്റിവെക്കുന്ന തുക കുറഞ്ഞു. ഇത് സ്വര്‍ണ നിക്ഷേപങ്ങളെ കൂടുതലായി പരിഗണിക്കുന്നതില്‍ നിന്ന് ആളുകളെ അകറ്റി. ഇത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്റിനെ ബാധിച്ചേക്കാമെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. കൂടാതെ മറ്റ് നിക്ഷേപ മാര്‍ഗങ്ങളിലേക്കും ആളുകള്‍ തിരിയുന്നുണ്ട്.

കൃഷിയില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞതും സ്വര്‍ണ വിപണിയെ കാര്യമായി ബാധിച്ചു. രാജ്യത്തെ ആകെ സ്വര്‍ണ ഉപഭോഗത്തില്‍ 60 ശതമാനവും ഗ്രാമീണ മേഖലയില്‍ നിന്നാണ്. ഈ വര്‍ഷം ആവശ്യക്കാര്‍ ഉണ്ടാകുമെങ്കിലും അത് പല മേഖലയില്‍ നിന്നുള്ളവരുടെ കൂട്ടമായിരിക്കും. സമ്പന്നര്‍ കൂടുതലായി സ്വര്‍ണ നിക്ഷേപത്തിലേക്ക് വരുന്ന പ്രവണത ഇപ്പോള്‍ കാണുന്നുണ്ടെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍- ഇന്ത്യ റീജിയണല്‍ എക്സിക്യൂട്ടീവ് ഓഫീസകര്‍ പി. ആര്‍ സോമസുന്ദരം പറഞ്ഞു.

സര്‍ക്കാര്‍ നയങ്ങളും സ്വര്‍ണവിപണിയെ ബാധിക്കും. ഇറക്കുമതി തീരുവ ഉയര്‍ത്തുകയാണെങ്കില്‍ അത് സ്വര്‍ണക്കടത്ത് കൂടാന്‍ ഇടയാക്കുമെന്നും കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 12.5 ശതമാനം ആണ് ഇറക്കുമതി തീരുവ. ജിഡിപിയില്‍ ഉണ്ടാകുന്ന ഒരു ശതമാനം വര്‍ധനവ് സ്വര്‍ണത്തിന്റെ ഡിമാന്റ് 0.9 ശതമാനം ഉയര്‍ത്തും. സ്വര്‍ണ വില ഇടിയുമ്പോളും ഡിമാന്റ് കൂടും. രാജ്യത്തെ പണപ്പെരുപ്പം ഒരു ശതമാനം വീതം ഉയരുമ്പോള്‍ ഡിമാന്റ് 2.6 ശതമാനം വര്‍ധിക്കുമെന്നും ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക നില മെച്ചപ്പെടുന്നതിന് അനുസരിച്ച് അടുത്തവര്‍ഷത്തോടെ സ്വര്‍ണത്തിന് ആവശ്യക്കാരേറും എന്ന പ്രതീക്ഷയാണ് റിപ്പോര്‍ട്ട് പങ്കുവെക്കുന്നത്. രാജ്യത്തെ തൊഴിലെടുക്കന്ന വിഭാഗത്തില്‍ ജനസംഖ്യ ഉയരുന്നതും നഗരവത്കരണവും സാമ്പത്തിക പുരോഗതി ഉണ്ടാക്കും. ഗ്രാമീണ മേഖലയിലുള്ളവര്‍ നിര്‍മാണ- സേവന മേഖലയിലേക്ക് തിരിയുന്നതോടെ സ്ഥിര വരുമാനം കൂടുമെന്നും അത് സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ അവരെ പ്രേരിപ്പിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved