
കൊച്ചി: നാളെ മുതല്‍ ആഭരണം ശാലകളില്‍ വില്‍ക്കുന്ന സ്വര്‍ണത്തിന് ഹാള്‍ മാര്‍ക്ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ആഭരണത്തില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധിയും വില്പനശാലയെ തിരിച്ചറിയാനുള്ള കോഡും ഹാള്‍മാര്‍ക്കില്‍ ഉണ്ടാകും.14,18, 22 കാരറ്റ് സ്വര്‍ണം മാത്രമേ ആഭരണ ശാലകളില്‍ ഇനി വില്‍ക്കാവൂ എന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.
സ്വര്‍ണ വിപണിയില്‍ സുതാര്യത ഉറപ്പാക്കുക, തട്ടിപ്പുതടയുക എന്ന ഉദ്ദേശത്തോടെയാണ് ഹാള്‍ മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നത്. നേരത്തെ ഇത് നടപ്പാക്കുന്നതിനുള്ള കാലയളവ് പലവട്ടം നീട്ടിയെങ്കിലും ഇനി ഇല്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. നാളെ മുതല്‍ ആഭരണ ശാലകളില്‍ വില്‍ക്കുന്ന സ്വര്‍ണത്തില്‍ ഹാള്‍ മാര്‍ക്ക് നിര്‍ബന്ധമാണ്. സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിച്ച് എത്ര കാരറ്റിന്റേതാണ് ആഭരണങ്ങള്‍ എന്നത് ഓരോ ആഭരണത്തിലും മാര്‍ക്ക് ചെയ്തിരിക്കണം എന്നതാണ് ഈ നിബന്ധനയില്‍ ഏറ്റവും പ്രധാനം. മാത്രമല്ല ആരാണ് ആഭരണം നിര്‍മിച്ചതെന്നും വില്‍ക്കുന്നതെന്നും തിരിച്ചറിയുന്ന കോഡുകളും ഇതില്‍ ഉണ്ടാകും. ഇത് സ്വര്‍ണ വ്യാപാര മേഖയിലെ ഇടപാടുകള്‍ സുതാര്യമാക്കുമെന്നും ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കപ്പെടുമെന്നുമാണ് വിലയിരുത്തല്‍.
സംസ്ഥാനത്തെ സ്വര്‍ണവ്യാപാര മേഖലയില്‍ 65 ശതമാനത്തോളം വ്യാപാരികള്‍ നിലവില്‍ തന്നെ ഹാള്‍ മാര്‍ക്ക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കി ഉള്ളവര്‍ക്ക് നടപടി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വ്യാപാര സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. മറ്റു പല കാരറ്റിലും ഉള്ള സ്വര്‍ണം 14, 18, 22 കാരറ്റിലേക്കു മാറ്റേണ്ടി വരുന്നത് വ്യാപാരികള്‍ക്ക് നഷ്ടം ഉണ്ടാകുമെന്നും പരാതിയുണ്ട്.
ആഭരണം കടകളില്‍ നിന്ന് വാങ്ങുമ്പോഴേ ഹാള്‍മാര്‍ക് നിര്‍ബന്ധമുള്ളൂ. കൈവശമുള്ള പഴയ സ്വര്‍ണം വില്‍ക്കുന്നതിനു ഹാള്‍മാര്‍ക്ക് വേണ്ട. വിറ്റാല്‍ വിപണി വിലക്കും മാറ്റിനും അനുസരിച്ചുള്ള വില കിട്ടും. മാറ്റി വാങ്ങുന്നതിനും തടസ്സമില്ല. എന്നാല്‍ വാങ്ങുന്ന പുതിയ ആഭരണത്തില്‍ ഹാള്‍മാര്‍ക്ക് ഉണ്ടെന്നു ഉറപ്പാക്കണം എന്നു മാത്രം.