
കൊച്ചി: താല്‍ക്കാലികാവശ്യത്തിനു പണം കണ്ടെത്താന്‍ സ്വര്‍ണപ്പണയത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ലോക്ക്ഡൗണ്‍ പിന്‍വലിക്കപ്പെടുന്നതോടെ വര്‍ധന ഗണ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഗാര്‍ഹിക ശേഖരം 25,000 ടണ്‍ വരും. അതേസമയം ഇതില്‍ 650-750 ടണ്‍ മാത്രമേ വായ്പകള്‍ക്ക് ഈടെന്ന നിലയില്‍ വിനിയോഗിച്ചിട്ടുള്ളൂ എന്നാണു കണക്ക്. സ്വര്‍ണപ്പണയ വിപണിയുടെ വലിയ തോതിലുള്ള വളര്‍ച്ച സാധ്യതയാണ് ഈ കണക്കില്‍ നിന്നു വ്യക്തമാകുന്നത്.
ലോക്ക്ഡൗണ്‍ മൂലം വരുമാനമാര്‍ഗങ്ങള്‍ തടസ്സപ്പെടുകയോ ഇല്ലാതാകുകയോ ചെയ്ത സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും എംഎസ്എംഇകള്‍ക്കും ഉടനടി പണം ലഭിക്കുമെന്നതാണു സ്വര്‍ണപ്പണയത്തിന്റെ നേട്ടം. സ്വര്‍ണ വിലയിലെ വന്‍ വര്‍ധന മൂലം കൂടുതല്‍ തുക വായ്പയായി ലഭിക്കുമെന്ന നേട്ടവുമുണ്ട്. വിലയുടെ 75 ശതമാനം വരെയാണ് അനുവദനീയമായ വായ്പത്തുക. 'റീട്ടെയ്ല്‍ ലോണ്‍' വിഭാഗത്തില്‍പ്പെട്ട ഉല്‍പന്നങ്ങളില്‍ ഇപ്പോള്‍ ഏറ്റവും വളര്‍ച്ച കാണുന്നതു സ്വര്‍ണപ്പണയത്തിലാണെന്നു ബാങ്കര്‍മാര്‍ പറയുന്നു.
പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്കുകളില്‍ നാലാം സ്ഥാനമുള്ള കാനറ ബാങ്ക് സ്വര്‍ണ വായ്പകള്‍ക്കു മാത്രമായി പ്രത്യേക 'ബിസിനസ് വെര്‍ട്ടിക്കല്‍' ആരംഭിച്ചുകഴിഞ്ഞു. സമൂഹത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വുണ്ടാക്കാന്‍ സഹായിക്കുന്ന തരത്തിലാണു വായ്പ പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളതെന്നു ബാങ്ക് അവകാശപ്പെടുന്നു. പലിശ നിരക്ക് 7.85 ശതമാനം മാത്രമാണ്. ജൂണ്‍ 30 വരെ നീളുന്ന പ്രത്യേക പ്രചാരണ പരിപാടിയും ബാങ്ക് ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7.75 ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കുന്ന പദ്ധതിയാണ് അവതരിപ്പിച്ചിട്ടുള്ളത്. എസ്ബിഐയുടെ ഭവന വായ്പ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് 7.25 ശതമാനം മാത്രമാണു പലിശ. 'കൃഷി ഗോള്‍ഡ് ലോണ്‍' എന്ന പേരില്‍ നല്‍കുന്ന വായ്പയ്ക്കു 'യോനോ' ആപ് മുഖേന അപേക്ഷിക്കാമെന്നും അറിയിപ്പുണ്ട്.
ഫെഡറല്‍ ബാങ്ക് 'ഡിജി ഗോള്‍ഡ് ഓവര്‍ഡ്രാഫ്റ്റ് സ്‌കീം' എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള പദ്ധതി പ്രകാരം സ്വര്‍ണം സ്വീകരിക്കുന്നു. പണം ആവശ്യമുള്ളപ്പോള്‍ വിലയുടെ 75 ശതമാനം വരെ പിന്‍വലിക്കാവുന്ന പദ്ധതിയാണിത്. സ്വര്‍ണപ്പണയ വിപണിയില്‍ പ്രവേശിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക പദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചും പ്രചാരണം വിപുലമാക്കിയുമാണു ബാങ്ക് ഇതര ധനസ്ഥാപന (എന്‍ബിഎഫ്‌സി) വിഭാഗത്തില്‍പ്പെട്ട സ്വര്‍ണപ്പണയ കമ്പനികള്‍ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഡിജിറ്റല്‍ സംവിധാനങ്ങളുടെ പിന്തുണയും പ്രയോജനപ്പെടുത്തുന്നു. ബാങ്കുകളെക്കാള്‍ വേഗത്തില്‍ വായ്പ അനുവദിക്കുന്നതും സ്വര്‍ണപ്പണയ കമ്പനികളാണ്. കാലാവധിയുടെ കാര്യത്തില്‍ കടുംപിടിത്തമില്ലാതെ ദിവസ വായ്പ പോലും അനുവദിക്കുന്നു. സംസ്ഥാനത്തേക്കു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കു കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) വഴി സ്വര്‍ണ വായ്പ അനുവദിക്കുന്ന പ്രത്യേക പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെയാണു വായ്പ നല്‍കുക. ആദ്യ നാലു മാസം പലിശ മൂന്നു ശതമാനം മാത്രം. അഞ്ചാം മാസം മുതല്‍ നിരക്ക് 10.5 ശതമാനമായിരിക്കും.