
കേരളത്തില്‍ സ്വര്‍ണ വില കുതിച്ചുയരുന്നു. പവന് 320 രൂപ വര്‍ദ്ധിച്ച് 39720 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4965 രൂപയാണ് ഇന്നത്തെ വില. കേരളത്തിലെ സ്വര്‍ണ വിലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പവന് 4000 രൂപയ്ക്കടുത്താണ് സ്വര്‍ണ വില കൂടിയിരിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ ഇന്നും സ്വര്‍ണ വില ഉയര്‍ന്നു. തുടര്‍ച്ചയായ പത്താം ദിവസമാണ് വില കുതിച്ചുയരുന്നത്. എംസിഎക്സില്‍ ഓഗസ്റ്റ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.21 ശതമാനം ഉയര്‍ന്ന് 53,300 രൂപയിലെത്തി. 10 ദിവസത്തിനുള്ളില്‍ സ്വര്‍ണ വില 10 ഗ്രാമിന് 5,500 രൂപ അല്ലെങ്കില്‍ 11 ശതമാനം വരെ ഉയര്‍ന്നു. എംസിഎക്‌സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 0.22 ശതമാനം ഉയര്‍ന്ന് 65,212 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 10 ഗ്രാമിന് 1.4 ശതമാനം അഥവാ 730 രൂപ ഉയര്‍ന്ന് റെക്കോര്‍ഡ് നിരക്കായ 53,399 രൂപയിലെത്തിയിരുന്നു. വെള്ളി വില 0.5 ശതമാനം ഉയര്‍ന്നു.