ചരിത്രം തിരുത്തി സ്വര്‍ണ വില; പവന് 34,400 രൂപ

May 15, 2020 |
|
News

                  ചരിത്രം തിരുത്തി സ്വര്‍ണ വില; പവന് 34,400 രൂപ

സ്വര്‍ണവില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് പവന് 34,400 രൂപയായി. 4,300 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസം 34,000 രൂപയായിരുന്നു പവന്റെ വില. മെയ് ഒന്നിലെ വിലയായ 33,400 രൂപയില്‍ നിന്ന് 15 ദിവസം കൊണ്ട് വര്‍ധിച്ചത് 1000 രൂപയാണ്.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,730.56 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് സ്വര്‍ണവില കൂടുന്നത്. എംസിഎക്സില്‍ ജൂണിലെ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 46,800 രൂപ നിലവാരത്തിലെത്തി.

വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവില കുതിക്കാനിടയാക്കയിത്. യുഎസിനും ചൈനയ്ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദങ്ങളും സ്വര്‍ണത്തിന് ഡിമാന്റുകൂട്ടി. ലോക്ക്ഡൗണ്‍മൂലം കേരളത്തില്‍ എല്ലായിടത്തും ജുവല്ലറികള്‍ തുറന്നിട്ടില്ല. അതുകൊണ്ടുതന്നെ പലയിടങ്ങളിലും ജനങ്ങള്‍ക്ക് ഇടപാട് നടത്തുന്നതിന് സൗകര്യമില്ല.

അതേസമയം സംസ്ഥാനത്ത് ചെറിയ സ്വര്‍ണകടകള്‍ തുറന്നെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം  കുറവാണെന്ന് ജ്വല്ലറി ഉടമകള്‍. സ്വര്‍ണത്തിന്റെ ഉയര്‍ന്ന വിലയും സാമ്പത്തിക പ്രതിസന്ധിയുമാണ് വില്‍പനയില്‍ ഇടിവുണ്ടാക്കിയത്. തകര്‍പ്പന്‍ വില്‍പന നടക്കേണ്ട 2 മാസമാണ് കടന്നുപോയത്. ലോക്ഡൗണില്‍ ഇളവ് വന്നതോടെ ചെറുകിട സ്വര്‍ണകടകള്‍ തുറന്നപ്പോഴേക്കും വിവാഹ സീസണ്‍ തീരാറായി. ആളുകളുടെ കയ്യില്‍ ചെലവാക്കാന്‍ പണവുമില്ലാതായി.

കടകളില്‍ എത്തുന്നവരാകട്ടെ ചെറിയ തുകയ്ക്കുളള സ്വര്‍ണം മാത്രമേ വാങ്ങുന്നുള്ളൂ. സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരേക്കാള്‍ വില്‍ക്കാനെത്തുന്നവര്‍ കൂടുമെന്നാണ് കണക്കുകൂട്ടുന്നത്. സ്വര്‍ണവില്‍പനയില്‍ ഇനിയൊരു ഉണര്‍വ്വുണ്ടാകാന്‍ ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ഈ രംഗത്തുളളവരുടെ വിലയിരുത്തല്‍.

Related Articles

© 2024 Financial Views. All Rights Reserved