
സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപ കുറഞ്ഞ് 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 36,400 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഒരു മാസത്തിനിടെ പവന്റെ വിലയില്‍ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്. രണ്ടാമത്തെ ദിവസവും ദേശീയ വിപണിയില്‍ വില കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48,438 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു.
ആഗോള വിപണിയിലും വിലയിടിവ് തുടരുകയാണ്. ഔണ്‍സിന് 1,856.86 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.5ശതമാനമായി കുറച്ചത് വിപണിയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. 2.5 ശതമാനം സെസുകൂടി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്മേല്‍ നികുതിയിനത്തിലുള്ള ചെലവ് 10.75 ശതമാനമായി കുറയും.