തുടര്‍ച്ചയായ 5 ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന

February 06, 2021 |
|
News

                  തുടര്‍ച്ചയായ 5 ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. സ്വര്‍ണം പവന് 240 രൂപ വര്‍ധിച്ച് 35,240 രൂപയും ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4,405 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളി ഗ്രാമിന് 68.70 രൂപ. നേരത്തെ, കേന്ദ്ര ബജറ്റ് പ്രഖ്യാപത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ച് ദിവസം തുടര്‍ച്ചയായി സ്വര്‍ണത്തിന് വില ഇടിഞ്ഞിരുന്നു. ഇക്കാലയളവില്‍ പവന് 1,800 രൂപയും ഗ്രാമിന് 225 രൂപയും കുറയുകയുണ്ടായി. ഫെബ്രുവരിയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്നലെ സ്വര്‍ണം വില്‍ക്കപ്പെട്ടത്. വെള്ളിയാഴ്ച്ച സ്വര്‍ണം പവന് വില 35,000 രൂപയായിരുന്നു.

എന്തായാലും സ്വര്‍ണം, വെള്ളി ലോഹങ്ങളുടെ ഇറക്കുമതി തീരുവ 7.5 ശതമാനമാക്കി കേന്ദ്രം കുറച്ച സാഹചര്യത്തില്‍ രാജ്യത്തെ സ്വര്‍ണ, വെള്ളി നിരക്കുകള്‍ വൈകാതെ കുറയും. നിലവില്‍ 12.5 ശതമാനം ഇറക്കുമതി തീരുവ സ്വര്‍ണത്തിനും വെള്ളിക്കും കേന്ദ്രം ഈടാക്കുന്നുണ്ട്. പറഞ്ഞുവരുമ്പോള്‍ ആഭ്യന്തര വിപണിയിലും കഴിഞ്ഞ 5 ദിവസംകൊണ്ട് 24 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) വില 2,000 രൂപയോളമാണ് കുറഞ്ഞത്. ഇതേകാലയളവില്‍ വെള്ളിയുടെ കിലോ നിരക്ക് 2,303 രൂപയോളം ഇടിഞ്ഞു.

വെള്ളിയാഴ്ച്ച രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര സ്ഥാപനമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 141 രൂപ കൂടി 46,856 രൂപയാണ് രേഖപ്പെടുത്തിയത്. സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 457 രൂപ കൂടി 67,275 രൂപയും കുറിച്ചു. പോയവാരം സ്വര്‍ണത്തിന് വില കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്ത് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം പതിയെ വര്‍ധിക്കുകയാണ്. ഡോളര്‍ സൂചിക ശക്തി പ്രാപിക്കുന്നതും ഓഹരി വിപണികള്‍ കുതിക്കുന്നതും സ്വര്‍ണത്തിന് മേലുള്ള തിളക്കം കുറയാനുള്ള കാരണങ്ങളായി മാറുന്നു.

Related Articles

© 2025 Financial Views. All Rights Reserved