
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില താഴോട്ട്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം ഇന്നെത്തി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ബുധനാഴ്ച്ച സ്വര്‍ണവില പവന് 32,880 രൂപയും ഗ്രാമിന് 4,110 രൂപയുമായി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 34,440 രൂപയാണ് (മാര്‍ച്ച് ഒന്നിന്).
മാര്‍ച്ച് മാസം ഇതുവരെ പവന് 1,560 രൂപയുടെ വിലയിടിവ് സംഭവിച്ചു. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കിലും ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 63.10 രൂപയാണ് ബുധനാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 504.80 രൂപ.
ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചാം ദിനമാണ് സ്വര്‍ണത്തിന് ഇന്ത്യയില്‍ വില ഇടിയുന്നത്. വെള്ളിയുടെ നിരക്കിലും ഇന്ന് ഇടിവ് സംഭവിച്ചു. രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 44,300 രൂപയാണ് വില കുറിക്കുന്നത് (ജൂണ്‍ ഫ്യൂച്ചറുകള്‍). വിലയിടിവ് 0.3 ശതമാനം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വ്യാപാരം.