സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന വിലയില്‍; പവന് 35,680 രൂപ

June 22, 2020 |
|
News

                  സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന വിലയില്‍; പവന് 35,680 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ദിനംപ്രതി റെക്കോഡ് നിലവരാത്തിലേയ്ക്ക് ഉയരുന്നു. തിങ്കളാഴ്ച പവന് 160 രൂപ കൂടി എക്കാലത്തെയും ഉയര്‍ന്ന വിലയായ 35,680 രൂപയിലെത്തി. 4460 രൂപയാണ് ഗ്രാമിന്റെ വില. ശനിയാഴ്ച രണ്ടു തവണയായാണ് വിലയില്‍ വര്‍ധനവുണ്ടായത്. രാവിലെ 35,400 രൂപയായും ഉച്ചകഴിഞ്ഞ് 35,520 രൂപയായും വിലകൂടി.

ഈ വിലയില്‍ പണിക്കൂലി, നികുതി, സെസ് എന്നിവ ചേരുന്നതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 39,000 രൂപയ്ക്ക് മുകളില്‍ ഉപഭോക്താവ് നല്‍കേണ്ടിവരും. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണവില റെക്കോഡ് നിലയിലേക്ക് കുതിക്കാന്‍ കാരണം.

കോവിഡില്‍ മറ്റ് വിപണികള്‍ അനിശ്ചിതത്വത്തിലായതും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധനയ്ക്കിടയാക്കി. ലോകത്ത് സ്വര്‍ണ ഉപഭോഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. സ്വര്‍ണ ഖനനം താരതമ്യേന കുറച്ചുമാത്രം നടക്കുന്ന ഇന്ത്യയില്‍, ഉപഭോഗത്തിന്റെ ഭൂരിഭാഗവും നിറവേറ്റപ്പെടുന്നത് ഇറക്കുമതിയിലൂടെയാണ്. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് പവന്‍ വിലയില്‍ 6,560 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ജനുവരി ഒന്നിന് പവന് 29,000 രൂപയും ഗ്രാമിന് 3,625 രൂപയുമായിരുന്നു വില.

Related Articles

© 2024 Financial Views. All Rights Reserved