
കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ദ്ധനവ്. പവന് 160 രൂപ ഉയര്‍ന്ന് 37520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 4690 രൂപയാണ് ഇന്നത്തെ വില. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണ വില ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് വ്യാപാരം നടത്തിയത്. വില കുത്തനെ ഇടിഞ്ഞതോടെ ജ്വല്ലറികളില്‍ സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു.
മൂന്ന് ദിവസത്തിന് ശേഷം ഇന്ത്യയില്‍ സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.25 ശതമാനം ഉയര്‍ന്ന് 50,805 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 1.3 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 68,120 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.1 ശതമാനം ഇടിഞ്ഞപ്പോള്‍ വെള്ളി നിരക്ക് 0.8 ശതമാനം ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ ഓഗസ്റ്റ് 7 ന് സ്വര്‍ണം 10 ഗ്രാമിന് 56,200 രൂപ എന്ന റെക്കോര്‍ഡ് നിരക്കില്‍ എത്തിയിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ സ്വര്‍ണ വില 10 ഗ്രാമിന് 5,000 രൂപയോളം കുറഞ്ഞു. അതേസമയം, വെള്ളി കഴിഞ്ഞ മാസത്തെ ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് കിലോഗ്രാമിന് 10,000 രൂപയിലധികം താഴ്ന്നു. അതേസമയം, ആഭ്യന്തര വിലയില്‍ ഇടിവുണ്ടായതോടെ ഇന്ത്യയില്‍ ഭൗതിക സ്വര്‍ണ്ണത്തിന്റെ റീട്ടെയില്‍ ആവശ്യം അല്പം കൂടിയിട്ടുണ്ട്.
ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണ്ണ വില ഉയര്‍ന്നു. സ്പോട്ട് സ്വര്‍ണം 0.2 ശതമാനം ഉയര്‍ന്ന് 1,935.53 ഡോളറിലെത്തി. മറ്റ് വിലയേറിയ ലോഹങ്ങളില്‍ വെള്ളി ഔണ്‍സിന് 0.2 ശതമാനം കുറഞ്ഞ് 26.84 ഡോളറിലെത്തി. പ്ലാറ്റിനം 0.6 ശതമാനം ഉയര്‍ന്ന് 900.01 ഡോളറിലെത്തി. വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതും യുഎസ്-ചൈന പിരിമുറുക്കങ്ങളുമാണ് സ്വര്‍ണ്ണ വിലയെ പിന്തുണയ്ക്കുന്ന ഘടകങ്ങള്‍. ആഗോള വൈറസ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.