
കേരളത്തില്‍ ഇന്ന് സ്വര്‍ണം പവന് വില 38,880 രൂപ. വ്യാഴാഴ്ച്ച സ്വര്‍ണ വിലയില്‍ 560 രൂപയുടെ കുറവ് സംഭവിച്ചു. ഓഗസ്റ്റ് മാസത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പവന് വില 39,440 രൂപയായിരുന്നു. ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയെന്ന റെക്കോര്‍ഡ് തൊട്ടു. 4,860 രൂപയാണ് ഇന്ന് (വ്യാഴം) സ്വര്‍ണം ഗ്രാമിന് വില. ഇന്നലെ 4,930 രൂപയായിരുന്നു ഗ്രാമിന് വില. വിലക്കുറവ് 70 രൂപ.
തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഇന്ത്യയില്‍ സ്വര്‍ണത്തിന് വിലയിടിയുന്നത്. എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) ഒക്ടോബര്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 52,320 രൂപയിലെത്തി. 300 രൂപയുടെ കുറവാണ് വ്യാഴാഴ്ച്ച സംഭവിച്ചത്. മുന്‍ സെഷനില്‍ സ്വര്‍ണം 1.8 ശതമാനം (950 രൂപ) നഷ്ടം കുറിച്ചിരുന്നു. എംസിഎക്സ് വിപണിയില്‍ 10 ഗ്രാമിന് 56,191 രൂപയെന്ന റെക്കോര്‍ഡ് വില തൊട്ടതിന് ശേഷം സ്വര്‍ണ നിരക്ക് പ്രതിദിനം ചാഞ്ചാടുകയാണ്.
രാജ്യാന്തര വിപണിയിലും ചിത്രം വ്യത്യസ്തമല്ല. മുന്‍ സെഷനില്‍ ഔണ്‍സിന് 2,014.97 ഡോളര്‍ എന്ന കണക്കിന് കുതിച്ച സ്വര്‍ണത്തിന് ഇപ്പോള്‍ വില 1,940 ഡോളറാണ്. ഇടിവ് 0.5 ശതമാനം. സ്വര്‍ണത്തിന് പുറമെ വെള്ളി വിലയിലും ബുധനാഴ്ച്ച ഇടിവ് സംഭവിച്ചിട്ടുണ്ട്. എംസിഎക്സില്‍ ഒക്ടോബര്‍ വെള്ളി ഫ്യൂച്ചര്‍ കിലോയ്ക്ക് 67,440 രൂപ എന്ന നിരക്കിലാണ്. മുന്‍ സെഷനുകളില്‍ കിലോയ്ക്ക് 2,000 രൂപയ്ക്ക് മുകളില്‍ കുതിച്ചുച്ചാട്ടം നടത്തിയതിന് ശേഷമാണ് വെള്ളിയുടെ ഇപ്പോഴത്തെ പിന്‍വാങ്ങല്‍. ഇതേസമയം, രാജ്യാന്തര വിപണിയില്‍ വെള്ളി നിലമെച്ചപ്പെടുത്തിയത് കാണാം. 0.8 ശതമാനം വര്‍ധനവോടെ ഔണ്‍സിന് 26.94 ഡോളറാണ് ബുധനാഴ്ച്ച വെള്ളിയുടെ വില. പ്ലാറ്റിനം ലോഹവും സമാനമായ വിലവര്‍ധനവ് കാഴ്ച്ചവെക്കുന്നു. 0.3 ശതമാനം കൂടി 934.01 ഡോളറിലാണ് പ്ലാറ്റിനം എത്തിനില്‍ക്കുന്നത്.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് ഫെഡറല്‍ റിസര്‍വ് നല്‍കിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണ നിരക്കുകള്‍ വ്യാഴാഴ്ച്ച ഇടിഞ്ഞത്. കൊറോണ വിതച്ച വിനാശത്തില്‍ നിന്നും അമേരിക്ക സാമ്പത്തികമായി എന്നു കരകയറുമെന്ന കാര്യം അനിശ്ചിതത്വത്തിലാണെന്ന് ഫെഡറല്‍ റിസര്‍വ് ബുധനാഴ്ച്ച മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഇതേസമയം ഡോളറിന്റെ വിനിമയ മൂല്യം മെച്ചപ്പെട്ടത് സ്വര്‍ണ നിരക്കുകള്‍ പരിധിയിലധികം താഴുന്നത് തടഞ്ഞു. കഴിഞ്ഞ സെഷനില്‍ ഡോളര്‍ സൂചികകള്‍ 0.2 ശതമാനം നേട്ടം കാഴ്ച്ചവെച്ചിട്ടുണ്ട്.