
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് വീണ്ടും കുത്തനെ ഉയര്‍ന്നു. പവന് 480 രൂപ വര്‍ദ്ധിച്ച് വില 42000ല്‍ തൊട്ടു. ഗ്രാമിന് 5250 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഇന്നലെ രാവിലെ പവന് 120 രൂപ വര്‍ദ്ധിച്ച് 41320 രൂപയിലെത്തിയ സ്വര്‍ണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി പവന് 41520 രൂപയിലെത്തി. കേരളത്തിലെ സ്വര്‍ണ വിലയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ആഗസ്റ്റ് ഒന്ന് മുതല്‍ 40000 രൂപയ്ക്ക് മുകളിലാണ് സ്വര്‍ണ വില.
ഇന്ത്യന്‍ വിപണികളിലും ഇന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഉയര്‍ന്നു. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 300 രൂപ ഉയര്‍ന്ന് 10 ഗ്രാമിന് 56143 എന്ന ഉയര്‍ന്ന നിരക്കിലെത്തി. സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 1,750 രൂപ അല്ലെങ്കില്‍ 2.3 ശതമാനം വര്‍ധിച്ച് 77,802 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ്ണം ഗ്രാമിന് 1.3 ശതമാനം അഥവാ 720 രൂപ ഉയര്‍ന്ന് 10 ഗ്രാമിന് 56,079 രൂപയിലെത്തിയിരുന്നു. വെള്ളി വില കിലോയ്ക്ക് 5.6 ശതമാനം അഥവാ 4,100 രൂപ ഉയര്‍ന്നിരുന്നു.
ആഗോള വിപണികളില്‍, കൂടുതല്‍ ഉത്തേജനത്തിനും യുഎസ്-ചൈന സംഘര്‍ഷങ്ങള്‍ക്കും സാധ്യതയുണ്ടെന്നതിനാല്‍ സ്വര്‍ണ്ണത്തിന്റെ റെക്കോര്‍ഡ് മുന്നേറ്റം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്പോട്ട് സ്വര്‍ണം 0.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,068.32 ഡോളറിലെത്തി. വെള്ളി വില 2.6 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 29.68 ഡോളറിലെത്തി. ദുര്‍ബലമായ യുഎസ് ഡോളറും സ്വര്‍ണ്ണ വിലയെ പിന്തുണച്ചിട്ടുണ്ട്. യുഎസ് ഡോളറിന്റെ കരുത്ത് അളക്കുന്ന ഡോളര്‍ സൂചിക രണ്ട് വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.
ഇന്ത്യയില്‍ ഈ വര്‍ഷം സ്വര്‍ണ വില 44 ശതമാനം ഉയര്‍ന്നു. കൊറോണ വൈറസ് പ്രതിസന്ധി, കുറഞ്ഞ പലിശ നിരക്കുകള്‍, ദുര്‍ബലമായ ഡോളര്‍, ഭൗമരാഷ്ട്രീയ അപകടസാധ്യതകള്‍ എന്നിവ ആഗോള വിപണിയില്‍ സ്വര്‍ണ വില ഈ വര്‍ഷം 35 ശതമാനത്തിലധികം ഉയരാന്‍ കാരണമായി. സ്വര്‍ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലെ ഹോള്‍ഡിംഗ്‌സ് റെക്കോര്‍ഡിലാണ്.
18 മാസത്തിനുള്ളില്‍ സ്വര്‍ണ വില ഔണ്‍സിന് 3,000 ഡോളറിലെത്തുമെന്ന പ്രവചനം ബാങ്ക് ഓഫ് അമേരിക്ക ആവര്‍ത്തിച്ചു. 2021ല്‍ വെള്ളി വില 35 ഡോളറിലെത്താന്‍ സാധ്യതയുണ്ടെന്നും ബാങ്ക് ഓഫ് അമേരിക്ക പറയുന്നു. ഇന്ത്യയില്‍, സോവറിന്‍ ബോണ്ടുകളുടെ അഞ്ചാം ഘട്ട സബ്‌സ്‌ക്രിപ്ഷന്‍ ഇന്ന് അവസാനിക്കും. ഇഷ്യു വില ഗ്രാമിന് 5,334 ഡോളറായി നിശ്ചയിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷിക്കുകയും ഓണ്‍ലൈനായി പേയ്മെന്റ് നടത്തുകയും ചെയ്യുന്നവര്‍ക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.