
കൊച്ചി: സ്വര്‍ണ വിലയിലെ തുടര്‍ച്ചയായ കുതിപ്പ് സ്മാര്‍ട് ഫോണ്‍ മുതല്‍ ആരോഗ്യ സംരക്ഷണ ഉപാധികള്‍ വരെ പല ഉല്‍പന്നങ്ങളുടെയും നിര്‍മാണച്ചെലവു വര്‍ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി ഇത്തരം ഉല്‍പന്നങ്ങളുടെ വിലയില്‍ വര്‍ധനയ്ക്കു സാധ്യതയുണ്ടെന്നു 'ടെക് ഇന്‍ഡസ്ട്രി' എന്ന് അറിയപ്പെടുന്ന മേഖലയുമായി ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പു നല്‍കുന്നു.
സ്മാര്‍ട് ഫോണുകള്‍ക്കു പുറമേ എല്‍ഇഡികളുടെയും ത്രീ ഡി സെന്‍സറുകളുടെയും മറ്റും ഉല്‍പാദനത്തിനു സ്വര്‍ണം ആവശ്യമാണ്. വാച്ച്, കാല്‍ക്കുലേറ്റര്‍, കംപ്യൂട്ടര്‍ ചിപ്പുകള്‍, ട്രാന്‍സിസ്റ്ററുകള്‍, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍, ഹൈബ്രിഡ് സര്‍ക്യൂട്ടുകള്‍ എന്നിവയുടെ ഉല്‍പാദനത്തിലും സ്വര്‍ണത്തിനു പങ്കുണ്ട്. ടെലിസ്‌കോപ് മുതല്‍ കൃത്രിമോപഗ്രഹങ്ങളില്‍ വരെ സാന്നിധ്യമുള്ള ലോഹമാണു സ്വര്‍ണം.
വൈദ്യശാസ്ത്രരംഗത്തും ജലശുദ്ധീകരണ സംവിധാനങ്ങളിലും സ്വര്‍ണത്തിന്റെ നാനോ കണങ്ങള്‍ ഉപയോഗിക്കുന്നു. ഏതാനും ആയുര്‍വേദ ഔഷധങ്ങള്‍ക്കു മാത്രമല്ല കാന്‍സര്‍ ചികിത്സയ്ക്കുള്ള ഐസോടോപ്പുകള്‍ക്കു വരെ സ്വര്‍ണം ആവശ്യമുണ്ട്. ഇത്തരം ആവശ്യങ്ങള്‍ക്കു സ്വര്‍ണം ഉപയോഗിക്കുന്നതിനുള്ള പ്രധാന കാരണം അതു വൈദ്യുതിയുടെയും താപത്തിന്റെയും മികച്ച ചാലകമാണെന്നതാണ്. മാലിയബിലിറ്റി (അടിച്ചുപരത്താമെന്ന പ്രത്യേകത), ഡക്ടിലിറ്റി (നാരുകളാക്കി മാറ്റാമെന്ന പ്രത്യേകത) തുടങ്ങിയ മെച്ചവും സ്വര്‍ണത്തിനുണ്ട്.
ജപ്പാനിലെ ഇലക്ട്രോണിക്സ് വ്യവസായം മാത്രം പ്രതിവര്‍ഷം ശരാശരി 150 ടണ്‍ സ്വര്‍ണം ഉപയോഗിക്കുന്നു. ദക്ഷിണ കൊറിയയും ചൈനയും വ്യവസായ ആവശ്യത്തിനു സ്വര്‍ണം വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ ആഗോള ഉപഭോഗത്തില്‍ 10 ശതമാനത്തോളം ടെക് മേഖലയില്‍നിന്നാണ്.