
കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവില പുതിയ ഉയരത്തില്‍. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയര്‍ന്നു. ഗ്രാമിന് 4425 രൂപയും പവന് 35,400 രൂപയുമാണ് ഇന്നത്തെ വില. ഇന്ത്യാചൈന അതിര്‍ത്തി സംഘര്‍ഷമാണ് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്കു കുതിക്കാന്‍ കാരണമായത്. സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യാന്തര വിപണികളിലുണ്ടായ അസ്ഥിരത നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുകയാണ്.
കോവിഡ് പ്രതിസന്ധി തുടരുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങാന്‍ വന്‍കിട നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. ലോകത്തില്‍ സ്വര്‍ണ ഉപയോഗത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാരാണ് ചൈനയും ഇന്ത്യയും. ഏറ്റവും കൂടുതല്‍ സ്വര്‍ണം ഖനനം ചെയ്യുന്ന രാജ്യം ചൈനയാണ്. താരതമ്യേന വളരെക്കുറച്ചുമാത്രം സ്വര്‍ണം ഖനനം ചെയ്യുന്ന ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വര്‍ണ ഇറക്കുമതിയുള്ള രാജ്യങ്ങളിലൊന്നാണ്.
അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്ക് അയവു വന്നില്ലെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നേക്കും. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം സ്വര്‍ണം) വില 1745 ഡോളര്‍ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം മാത്രം സ്വര്‍ണവില 6400 രൂപയാണ് ഉയര്‍ന്നത്. 29000 രൂപയായിരുന്നു ജനുവരി ഒന്നിന് ഒരു പവന്റെ വില. ഒരു വര്‍ഷം കൊണ്ട് 10820 രൂപയും കൂടി. കഴിഞ്ഞ വര്‍ഷം 24,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.