
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിക്കുന്നു. പവന് 160 രൂപ വര്‍ദ്ധിച്ച് 38880 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. നവംബറിലെയും രണ്ടര മാസത്തിനിടയിലെ തന്നെയും ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4860 രൂപയാണ് വില. ഈ മാസത്തെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 37680 രൂപയാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വില പവന് 37880 രൂപയായിരുന്നു.
വിലയേറിയ ലോഹങ്ങള്‍ക്ക് ആഗോള വിപണിയില്‍ സമീപകാല നേട്ടങ്ങള്‍ വര്‍ദ്ധിപ്പിച്ചതിനാല്‍ ഇന്ന് ഇന്ത്യന്‍ വിപണികളിലും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയര്‍ന്നു. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.16 ശതമാനം ഉയര്‍ന്ന് 52,252 രൂപയിലെത്തി. വെള്ളി വില 0.8 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 65,880 രൂപയായി ഉയര്‍ന്നു.
കഴിഞ്ഞയാഴ്ച മുതലാണ് സ്വര്‍ണ വില കുത്തനെ ഉയരാന്‍ തുടങ്ങിയത്. കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ 10 ഗ്രാമിന് 1,500 രൂപ വില വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. അതേസമയം, വെള്ളി വില ഈ ആഴ്ചയില്‍ കിലോയ്ക്ക് 4,000 രൂപ നേട്ടമുണ്ടാക്കി. ഓഗസ്റ്റില്‍ സ്വര്‍ണ വില 10 ഗ്രാമിന് 56,200 രൂപ വരെ ഉയര്‍ന്നിരുന്നു.
ആഗോളതലത്തിലും, സ്വര്‍ണ്ണ വില ഇന്ന് ഉയര്‍ന്നിട്ടുണ്ട്. ദുര്‍ബലമായ ഡോളറിന്റെ പിന്തുണയും ജോ ബൈഡന്‍ പ്രസിഡന്റായതിനെ തുടര്‍ന്നുള്ള ശുഭാപ്തിവിശ്വാസത്തിനുമിടയില്‍ കൂടുതല്‍ യുഎസ് ഉത്തേജനം പ്രതീക്ഷിക്കുന്നതാണ് വില ഉയരാന്‍ കാരണം. സ്വര്‍ണ വില 0.2 ശതമാനം ഉയര്‍ന്ന് 1,955.76 ഡോളറിലെത്തി. വെള്ളി വില ഔണ്‍സിന് 0.5 ശതമാനം ഉയര്‍ന്ന് 25.72 ഡോളറിലെത്തി. പ്ലാറ്റിനം 0.8 ശതമാനം ഉയര്‍ന്ന് 896 ഡോളറിലെത്തി.
ഡോളര്‍ സൂചിക രണ്ട് മാസത്തിലധികം താഴ്ന്ന 92.177 എന്ന നിലയിലേക്ക് കുതിക്കുകയായിരുന്നു. ദുര്‍ബലമായ യുഎസ് ഡോളര്‍ മറ്റ് കറന്‍സികള്‍ കൈവശമുള്ള നിക്ഷേപകര്‍ക്ക് നേട്ടമാണ്. ഇത് സ്വര്‍ണത്തിന്റെ ആവശ്യം വര്‍ദ്ധിപ്പിക്കും. സ്വര്‍ണം കൂടുതലും യുഎസ് ഡോളറിലാണ് വ്യാപാരം ചെയ്യുന്നത്. ഇന്ത്യ സ്വര്‍ണ്ണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാരാണ്.
ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് സ്ഥാനം നേടുമെന്ന് വ്യക്തമായതോടെ സ്വര്‍ണ്ണ ഇടിഎഫ് നിക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ സ്വര്‍ണ്ണ ഇടിഎഫായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിലെ ഓഹരികള്‍ 0.63 ശതമാനം ഉയര്‍ന്ന് 1,260.30 ടണ്ണായി.