സ്വർണ വില പറന്നുയർന്നു; പവന് 800 രൂപ വർധിച്ചു; വില സർവകാല റെക്കോർഡിൽ

April 11, 2020 |
|
News

                  സ്വർണ വില പറന്നുയർന്നു; പവന് 800 രൂപ വർധിച്ചു; വില സർവകാല റെക്കോർഡിൽ

കൊറോണ ഭീതിയ്ക്കിടയിലും കേരളത്തിൽ സ്വർണ വില ഇന്ന് സർവ്വകാല റെക്കോർഡിൽ. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇന്ന് കേരളത്തിലെ സ്വർണ വില. പവന് ഇന്ന് 800 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,200 രൂപയിൽ എത്തി. ഒരു ഗ്രാം സ്വർണത്തിന് 4,150 രൂപയാണ് നിരക്ക്. പവന് 32,800 രൂപയായിരുന്നു ഇതിനു മുൻപുള്ള ഏറ്റവും ഉയർന്ന നിരക്ക്. ഏപ്രിൽ ഏഴിനാണ് പവന് 32800 രൂപയ്ക്ക് വ്യാപാരം നടന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി 32400 രൂപയായിരുന്നു സ്വർണ വില.

ലോക്ക് ഡൌണിലും വില വർദ്ധനവ്

മാർച്ച് മാസം ആദ്യമാണ് സ്വര്‍ണ വില പവന് 32,000 രൂപ കടന്നത്. ഇടക്ക് പവന് 29,920, 30,200, 30,400 എന്നിങ്ങനെ മാറി മാറി വന്ന സ്വർണ വില മാർച്ച് 31 ആയപ്പോഴേക്കും പവന് 32,200 രൂപയിലെത്തുകയായിരുന്നു. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും വില വർദ്ധിപ്പിച്ചിരിക്കുന്നത്. വില വർദ്ധിച്ചെങ്കിലും കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജ്വല്ലറികളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

സുരക്ഷിത നിക്ഷേപം
കോവിഡ്- 19 പ്രതിസന്ധിക്കിടയിൽ ആഗോള സാമ്പത്തിക മേഖല അനിശ്ചിതത്വം നേരിടുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപ സ്ഥാപനങ്ങൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് സ്വർണ വില കൂടാനുള്ള കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ സ്വർണത്തിന് ഇനിയും വില ഉയരാനാണ് സാധ്യതയെന്നും വിദഗ്ധർ പറയുന്നു.

ഏഴുവർഷത്തെ ഏറ്റവും ഉയർന്ന

തൊഴിലില്ലായ്‌മ ആനുകൂല്യങ്ങൾ‌ക്കായി യു‌എസിൽ വൻതോതിൽ അപേക്ഷകൾ ഉയരുന്നതും സമ്പദ്‌വ്യവസ്ഥയെ ഉയർത്തിക്കൊണ്ടുവരാനുള്ള ഫെഡറൽ‌ റിസർ‌വിന്റെ നടപടികൾക്കുമിടയിൽ ആഗോള വിപണിയിൽ ഇന്നലെ സ്വർണ വില ഏഴുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. ഫെഡറൽ റിസർവ് 2.3 ട്രില്യൺ ഡോളർ അധിക സഹായം വ്യാഴാഴ്ച പ്രഖ്യാപിച്ചതിന് ശേഷമാണ് വെള്ളിയാഴ്ച്ച ഫ്യൂച്ചേഴ്സ് 4.2 ശതമാനം മുന്നേറിയത്. ന്യൂയോർക്കിലെ കൊമെക്‌സിൽ ജൂണിലെ സ്വർണ്ണ ഫ്യൂച്ചർ വില 4.1 ശതമാനം ഉയർന്ന് 1,752.80 ഡോളറിലെത്തി. 2012 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന ക്ലോസിംഗ് വിലയാണിത്. സ്‌പോട്ട് സ്വർണം 2.2 ശതമാനം ഉയർന്ന് 1,681.94 ഡോളറിലെത്തി.

പഴയ സ്വർണം വിൽക്കാം

കൊറോണ ഭീതിയ്ക്കിടെ വിവാഹങ്ങൾ മാറ്റിവയ്ക്കുകയോ, ആഘോഷങ്ങൾ ഒഴിവാക്കി ലളിതമാക്കുകയോ ചെയ്യുമ്പോൾ സ്വർണ വിപണിയെ എങ്ങനെ ബാധിക്കുമെന്ന കാര്യം വ്യക്തമല്ല. എന്നാൽ പണത്തിന്റെ ആവശ്യം കൂടുന്നതിനാൽ പലരും കൈയിലുള്ള സ്വർണം വിറ്റ് കാശാക്കാനും സാധ്യതകൾ കൂടുതലാണ്. രാജ്യത്ത് സ്വർണ ഇറക്കുമതി ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. 2019 ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് 2020 ൽ 45 ശതമാനത്തോളം സ്വർണ ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved