പവന് 520 രൂപ വര്‍ധിച്ചു; സ്വര്‍ണ വില 41,000 രൂപയിലേക്ക്; വരും ദിവസങ്ങളിലും വിലയുയരാന്‍ സാധ്യത

August 05, 2020 |
|
News

                  പവന് 520 രൂപ വര്‍ധിച്ചു; സ്വര്‍ണ വില 41,000 രൂപയിലേക്ക്; വരും ദിവസങ്ങളിലും വിലയുയരാന്‍ സാധ്യത

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു. സ്വര്‍ണവില ഇന്ന് ഗ്രാമിന് 65 രൂപയാണ് കൂടിയത്. പവന് 520 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 5,100 രൂപയും പവന് 40,800 രൂപയുമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന നിരക്ക്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം.

കോവിഡ് വ്യാപനത്തിനിടയിലും ആഗോള വിപണിയില്‍ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആഗോള തലത്തില്‍ പ്രിയം കൂടിയതാണ് വില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരാനാണ് സാധ്യത. വിവിധ രാജ്യങ്ങളില്‍ കോവിഡിന്റെ രണ്ടാം വരവിന്റെ സൂചനകള്‍ കണ്ടതും ഓഹരി വിപണിയിലെ ചാഞ്ചാട്ടവുമാണ് സ്വര്‍ണത്തിലേക്ക് നിക്ഷേപ താത്പര്യമെത്തിച്ചത്. കോവിഡ് മൂലം തകര്‍ന്ന വിപണിയെ ഉത്തേജിപിക്കാന്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഉത്തേജന പാക്കേജുകള്‍ വീണ്ടും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടി.

ഡോളറിന്റെ വിലയിടിവും അമേരിക്ക-ചൈന വ്യാപാര യുദ്ധവും സ്വര്‍ണത്തിലേക്ക് നിക്ഷപ താത്പര്യം മാറുന്നതിന് കാരണമായി. സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ ഉയരങ്ങളില്‍ എത്തിയെങ്കിലും ആഭരണ ശാലകളില്‍ തിരക്കില്ല. എന്നാല്‍ ഓണ്‍ലൈന്‍ വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറെയാണ്. രാജ്യന്തര വിപണിയുടെ ചുവട് പിടിച്ച് കേരളത്തില്‍ സ്വര്‍ണ വില ഇനിയും ഉയരാനാണ് സാധ്യത.

Related Articles

© 2024 Financial Views. All Rights Reserved