
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്ന് രണ്ടാം തവണയും വര്‍ധിപ്പിച്ചു. വലിയ വര്‍ധനവാണ് റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് രാവിലെ 85 രൂപ ഉയര്‍ന്ന് 4685 രൂപ നിരക്കിലാണ് വില്‍പ്പന നടന്നത്. രാവിലെ 11 മണിക്ക് യോഗം ചേര്‍ന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചെന്റസ് അസോസിയേഷന്‍ ആഗോള തലത്തിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്വര്‍ണ്ണ വില വീണ്ടും വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ 22 കാരറ്റ് സ്വര്‍ണ്ണത്തിന് സംസ്ഥാനത്ത് ഒരു ഗ്രാമിന് വില 4725 രൂപയാണ്.
ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് 125 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ്ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലത്തെ അപേക്ഷിച്ച് രാവിലെ 11 മണി ആയപ്പോഴേക്കും 40 രൂപ കൂടി ഗ്രാമിന് വര്‍ധിച്ചു. ഇതോടെ ഇന്നലത്തെ അപേക്ഷിച്ച് ഇന്നത്തെ 22 കാരറ്റ് സ്വര്‍ണ്ണവില പവന് ആയിരം രൂപ വര്‍ദ്ധിച്ചു. യുദ്ധത്തിന്റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന് ഇനിയും വില വര്‍ധിക്കുമെന്നാണ് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നത്. 4600 രൂപയിലാണ് ഇന്നലെ സ്വര്‍ണം വിപണനം നടന്നത്.
ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 37480 രൂപയായിരുന്നു വില. ഒരു പവന്‍ സ്വര്‍ണത്തിന് 37800 രൂപയാണ് ഇപ്പോഴത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് വിലയില്‍ 680 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. 11 മണിയോടെ 320 രൂപ കൂടി ഒരു പവന്‍ സ്വര്‍ണ വില വര്‍ധിച്ചു. റഷ്യ യുക്രൈന് എതിരെ യുദ്ധം പ്രഖ്യാപിച്ചതാണ് അന്താരാഷ്ട്രതലത്തില്‍ ഇനിയും സ്വര്‍ണത്തിന് വില വര്‍ധിക്കാന്‍ സാഹചര്യമൊരുക്കുന്നത് എന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നു.