സ്വര്‍ണ വിലയില്‍ വര്‍ധനവ്; സെപ്തംബറിലെ ഏറ്റവും ഉയര്‍ന്ന വില

September 21, 2020 |
|
News

                  സ്വര്‍ണ വിലയില്‍ വര്‍ധനവ്; സെപ്തംബറിലെ ഏറ്റവും ഉയര്‍ന്ന വില

കേരളത്തില്‍ തിങ്കളാഴ്ച വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 80 രൂപ വര്‍ദ്ധിച്ച് 38160 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഗ്രാമിന് 4770 രൂപയാണ് തിങ്കളാഴ്ചത്തെ വ്യാപാര നിരക്ക്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം സ്വര്‍ണത്തിന് പൊതുവേ വിലക്കുറവാണെങ്കിലും വില വീണ്ടും ഉയരുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് സ്വര്‍ണ വ്യാപാരികള്‍ സൂചിപ്പിക്കുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ ഇടിവ് രേഖപ്പെടുത്തി. എംസിഎക്‌സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.15 ശതമാനം ഇടിഞ്ഞ് 51637 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 0.13 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 67790 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 0.52 ശതമാനവും വെള്ളി 0.2 ശതമാനം താഴ്ച്ചയിലായി.

യുഎസ് ഡോളറിന്റെ ദുര്‍ബലതയും ലോകമെമ്പാടുമുള്ള കൊവിഡ് രോഗികളുടെ വര്‍ദ്ധനവും ആഗോള വിപണികളില്‍ സ്വര്‍ണ്ണ വില ഉയരാന്‍ കാരണമായി. സ്‌പോട്ട് സ്വര്‍ണം 0.3 ശതമാനം ഉയര്‍ന്ന് 1,954.65 ഡോളറിലെത്തി. ഡോളര്‍ സൂചിക ഇന്ന് 0.12 ശതമാനം ഇടിഞ്ഞു. വിലയേറിയ മറ്റ് ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.6 ശതമാനം ഉയര്‍ന്ന് 26.92 ഡോളറിലെത്തി. പ്ലാറ്റിനം നിരക്ക് 1.3 ശതമാനം ഉയര്‍ന്ന് 939.75 ഡോളറിലെത്തി. അതേ സമയം സ്വര്‍ണത്തിനുള്ള നിക്ഷേപ ആവശ്യം ഉയര്‍ന്നതായാണ് രേഖകള്‍.

എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിലെ ഹോള്‍ഡിംഗ്സ് 1.03 ശതമാനം ഉയര്‍ന്ന് 1,259.84 ടണ്ണായി. വര്‍ദ്ധിച്ചുവരുന്ന വൈറസ് അപകടസാധ്യതകള്‍, യുഎസ് ഉത്തേജക പദ്ധതികളുടെ പുരോഗതികളിലെ അഭാവം, ബ്രെക്സിറ്റ് അനിശ്ചിതത്വം എന്നിവയ്ക്കിടയില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആണ് ജനങ്ങള്‍ വില മേലേക്കുയരുന്ന സ്വര്‍ണത്തില്‍ തന്നെ വിശ്വാസമര്‍പ്പിക്കുന്നതെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.

Related Articles

© 2025 Financial Views. All Rights Reserved