റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില; പവന് 37,280 രൂപ

July 22, 2020 |
|
News

                  റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില; പവന് 37,280 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. സ്വര്‍ണ വില ഇന്ന് ഗ്രാമിന് 65 രൂപയാണ് കൂടിയത്. പവന് 520 രൂപയും വര്‍ധിച്ചു. ഗ്രാമിന് 4,660 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 37,280 രൂപയും.

കഴിഞ്ഞ ദിവസം ഗ്രാമിന് 4,595 രൂപയായിരുന്നു നിരക്ക്. പവന് 36,760 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയിലും വന്‍ വര്‍ധനവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) അന്താരാഷ്ട്ര വിപണിയില്‍ 1,858 ഡോളറാണ് നിലവിലെ നിരക്ക്. ജൂലൈ മാസം ഒന്നാം തീയതിയിലെ ഉയര്‍ന്ന നിരക്കാണ് സ്വര്‍ണ വിപണി ഇന്ന് മറികടന്നത്. ജൂലൈ ഒന്നിന് ഗ്രാമിന് 4,520 രൂപയായിരുന്നു നിരക്ക്. പവന് 36,160 രൂപയുമായിരുന്നു.

ആഗോള തലത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപങ്ങള്‍ കൂടുന്നതിനാല്‍ വില തുടര്‍ന്നും ഉയരാന്‍ തന്നെയാണ് സാധ്യത. ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രണ്ടാം തരംഗത്തിന്റെ ലക്ഷണങ്ങള്‍, ദുര്‍ബലമായ ഇക്വിറ്റി മാര്‍ക്കറ്റുകള്‍, സാമ്പത്തിക ശക്തികള്‍ക്കിടയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങള്‍, ആഗോള സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച വേഗത്തില്‍ വീണ്ടെടുക്കുന്നില്ലെന്ന തരത്തിലെ വിപണി റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയാണ് സ്വര്‍ണത്തെ നിക്ഷേപകര്‍ക്കിടയിലെ പ്രിയപ്പെട്ടവനാക്കി മാറ്റുന്നത്.

Related Articles

© 2025 Financial Views. All Rights Reserved