
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ശനിയാഴ്ച്ച സ്വര്‍ണം പവന് 37,680 രൂപ രേഖപ്പെടുത്തി. വെള്ളിയാഴ്ച്ച 37,520 രൂപയായിരുന്നു പവന് വില. നവംബര്‍ മാസം സ്വര്‍ണം കുറിച്ച ഏറ്റവും കുറഞ്ഞ നിരക്കും ഇന്നലത്തേതുതന്നെ. ഇന്നത്തെ വിലവര്‍ധനവ് 160 രൂപ. സമാനമായി സ്വര്‍ണം ഗ്രാമിനും വില കൂടി. ഗ്രാമിന് ഇന്ന് വില 4,710 രൂപ. 20 രൂപയാണ് ഗ്രാം അടിസ്ഥാനപ്പെടുത്തി സ്വര്‍ണത്തിന് വില വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ചാഞ്ചാടുന്നതാണ് ഇന്ത്യയില്‍ സ്വര്‍ണത്തിന് വിലകൂടാന്‍ കാരണം.
വെള്ളിയാഴ്ച്ച എംസിഎക്‌സ് വിപണിയില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) സ്വര്‍ണം 10 ഗ്രാമിന് 0.11 ശതമാനം വര്‍ധനവോടെ 50,029 രൂപ കുറിച്ചു. വെള്ളി കിലോയ്ക്ക് 0.3 ശതമാനം വര്‍ധനവോടെ 61,690 രൂപയിലും എത്തി. കഴിഞ്ഞ സെഷനില്‍ 10 ഗ്രാമിന് 350 രൂപയുടെ വിലയിടിവാണ് സ്വര്‍ണം കണ്ടത്; വെള്ളി കിലോയ്ക്ക് 1,000 രൂപയും കുറയുകയുണ്ടായി. കഴിഞ്ഞ നാലു സെഷനിലും തുടര്‍ച്ചയായി സ്വര്‍ണം, വെള്ളി നിരക്കുകള്‍ താഴോട്ടു വീണിരുന്നു.
നിലവില്‍ അമേരിക്ക സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണ് ആഗോള വിപണികള്‍. സംഭവവികാസങ്ങളിലെ അനിശ്ചിതത്വം സ്വര്‍ണ വിലയിലെ ചാഞ്ചാട്ടത്തിന് വഴിതെളിക്കുന്നു. വെള്ളിയാഴ്ച്ച ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ 'സ്‌പോട്' വില 0.2 ശതമാനം ഇടിഞ്ഞ് 1,863.21 ഡോളറില്‍ (ഔണ്‍സിന്) എത്തി. വെള്ളി 0.1 ശതമാനം ഇടിഞ്ഞ് 24.06 ഡോളറിലും. മറ്റൊരു വിലപ്പെട്ട ലോഹമായ പ്ലാറ്റിനത്തിനും 0.2 ശതമാനം ഇടിവ് സംഭവിച്ചു. നിലവില്‍ 949.88 ഡോളറാണ് പ്ലാറ്റിനം ഔണ്‍സിന് വില.
നേരത്തെ, കൊവിഡ് വാക്സിന്‍ വൈകാതെ പുറത്തിറങ്ങുമെന്ന വാര്‍ത്ത നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആഗോള ഓഹരി വിപണികള്‍ എക്കാലത്തേയും ഉയര്‍ന്ന കുതിച്ചുച്ചാട്ടം നടത്തിയതും. പക്ഷെ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതും അമേരിക്കന്‍ സാമ്പത്തിക ഉത്തേജക പാക്കേജിനെച്ചൊല്ലിയുള്ള അനിശ്ചിതത്വവും ആവേശം തല്ലിക്കെടുത്തി. നിലവില്‍ സ്വര്‍ണം അടിസ്ഥാനമാക്കിയുള്ള ലോകത്തെ ഏറ്റവും വലിയ എക്‌സ്‌ചേഞ്ചായ എസ്പിഡിആര്‍ ഇടിഎഫില്‍ കാര്യമായ മാറ്റമില്ല. 1,217.25 ടണ്‍ സ്വര്‍ണമാണ് എസ്പിഡിആറിന്റെ കൈവശമുള്ളത്. ഇന്ത്യയില്‍ ഈ വര്‍ഷം ഇതുവരെ 31 ശതമാനമാണ് സ്വര്‍ണത്തിന് വില കൂടിയിരിക്കുന്നത്.