സ്വർണ വില റെക്കോർഡ് തകർത്ത് കുതിക്കുന്നു; കോവിഡ് കാലത്തെ സുരക്ഷിത നിക്ഷേപം, ഒപ്പം അക്ഷയ തൃതീയയും; 2021 അവസാനത്തോടെ വില 82,000 രൂപയാകും

April 25, 2020 |
|
News

                  സ്വർണ വില റെക്കോർഡ് തകർത്ത് കുതിക്കുന്നു; കോവിഡ് കാലത്തെ സുരക്ഷിത നിക്ഷേപം, ഒപ്പം അക്ഷയ തൃതീയയും; 2021 അവസാനത്തോടെ വില 82,000 രൂപയാകും

ന്യൂഡൽഹി: റെക്കോർഡുകൾ ഭേദിച്ച് സ്വർണവില മുന്നോട്ട്. ഒരു പവൻ സ്വർണത്തിന് 34,000 രൂപയാണ് നിരക്ക്. ഗ്രാമിന് 4,250 രൂപയും. ഈ മാസം മാത്രം 2,400 രൂപ ഒരു പവൻ സ്വർണത്തിന് ഉയർന്നു. കോവിഡ് 19 നെ തുടർന്ന് ആഗോള സാമ്പത്തിക മേഖലയിലെ പ്രത്യാഘാതങ്ങളാണ് സ്വർണത്തിന്റെ വിലക്കയറ്റത്തിനും കാരണമാകുന്നത്. മറ്റ്  വിപണികളില്ലാത്തതിനാലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോളനിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്നതുമാണ് വില വർധിക്കാൻ കാരണം.

ഈ വർഷത്തെ അക്ഷയ തൃതീയ ആഘോഷം ഏപ്രിൽ 26 നാണ്. എന്നാൽ, സ്വർണ വ്യാപാര സ്ഥാപനങ്ങൾക്ക് ലോക്ക്ഡൗൺ ഇളവുകളില്ലാത്തതിനാൽ സംസ്ഥാനത്തെ ജ്വല്ലറികൾ അക്ഷയ തൃതീയയ്ക്ക് അടഞ്ഞുകിടക്കും. 2019 ലെ അക്ഷയ തൃതീയക്ക് സ്വർണ വില ഗ്രാമിന് 2,945 രൂപയായിരുന്നു. പവൻ വില 23,560 രൂപയും. അതേസമയം പല സ്വർണ വ്യാപാര സ്ഥാപനങ്ങളും ഓൺലൈനായി സ്വർണം വിൽക്കുന്നുണ്ട്. അതിനുള്ള സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 75 ശതമാനം വില വർദ്ധിച്ച സ്വർണത്തിന് അടുത്ത 18 മാസത്തിനുള്ളിൽ 76 ശതമാനം കൂടി വില ഉയരുമെന്ന് വിശകലന വിദഗ്ധരുടെ റിപ്പോർട്ട്. 2021 അവസാനത്തോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില ഔൺസിന് 3000 ഡോളറായി ഉയരുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ പ്രവചനം. ഇതനുസരിച്ച് ബ്രോക്കറേജ് സ്ഥാപനം സ്വർണത്തിന്റെ ടാർഗറ്റ് വില 2,000 ഡോളറിൽ നിന്ന് 3,000 ഡോളറായി ഉയർത്തി.

കേന്ദ്ര ബാങ്കുകളും സർക്കാരുകളും അവരുടെ ബാലൻസ് ഷീറ്റുകളും ധനക്കമ്മികളും യഥാക്രമം ഇരട്ടിയാക്കുന്നതിനാൽ, 18 മാസത്തെ സ്വർണ്ണ ലക്ഷ്യം 2,000 ഡോളറിൽ നിന്ന് 3,000 ഡോളറായി ഉയർത്താൻ തീരുമാനിച്ചതായി ബോഫ സെക് പ്രസ്താവനയിൽ അറിയിച്ചു. രൂപ അടിസ്ഥാനത്തിൽ, ഔൺസിന് 3,000 ഡോളർ എന്നാൽ 10 ഗ്രാമിന് 82,000 രൂപയാണ്. അടുത്ത 18 മാസത്തിനുള്ളിലെ വർദ്ധനവ് കണക്കിലെടുക്കുമ്പോൾ ഇത് 76 ശതമാനം വരും.

എം‌സി‌എക്‌സിൽ ജൂൺ മാസത്തെ സ്വർണ്ണ ഫ്യൂച്ചറുകളുടെ വില 10 ഗ്രാമിന് 46,511രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണം നിലവിൽ, 1,750 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഓഹരികളും ബോണ്ടുകളും മറ്റും മികച്ച വരുമാനം വാഗ്ദാനം ചെയ്യാത്തതിനാൽ പണം നിക്ഷേപിക്കാനുള്ള മികച്ച മാർഗങ്ങളിലൊന്ന് സ്വർണ്ണമാണെന്ന് വിശകലന വിദഗ്ധർ പറയുന്നു.

സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ ഓഹരി, ഡെറ്റ് തുടങ്ങിയ നിക്ഷേപങ്ങളിൽ കനത്ത ഇടിവ് തുടരുന്നതിനാൽ സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കപ്പെടുന്ന സ്വർണ്ണത്തിനുള്ള നിക്ഷേപ ആവശ്യം ഗണ്യമായി വർദ്ധിച്ചു വരികയാണ്. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നുണ്ടായ മാക്രോ ഇക്കണോമിക് ആശങ്കകൾ സ്വർണം പൂഴ്ത്തി വയ്ക്കുന്നതിലേക്ക് വരെ നയിച്ചതായി വിശകലന വിദഗ്ധർ പറയുന്നു.

വേൾഡ് ഗോൾഡ് കൗൺസിലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ സ്വർണ്ണ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) 238 ബില്യൺ ഡോളർ വിലമതിക്കുന്ന 298 ടൺ സ്വർണം 2020 ​ന്റെ ആദ്യ പാദത്തിൽ പോർട്ട്‌ഫോളിയോയിൽ ചേർത്തു. ഇത് 2016 ന് ശേഷമുള്ള ഏറ്റവും ഉയർന്ന ത്രൈമാസ നിക്ഷേപമാണ്.

ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡിന് ലഭ്യമായ കണക്കുകൾ പ്രകാരം ഏപ്രിൽ പതിനഞ്ച് വരെ സ്വർണ്ണ വില 7 ശതമാനത്തിലധികം ഉയർന്നു. മാർച്ച് 31ലെ 10 ഗ്രാമിന് 43,725 രൂപയിൽ നിന്ന് ഏപ്രിൽ 15 ന് 46,476 രൂപയായി വില ഉയർന്നു. എം‌സി‌എക്‌സിൽ വ്യാപാരം നടന്ന സ്വർണ്ണ ഫ്യൂച്ചറുകളിൽ ജൂൺ മാസത്തിലെ വില 47,000 രൂപ വരെ കടന്നിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved