
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവന വായ്പയുടെ പലിശ വീണ്ടും കുറച്ചു. പലിശ നിരക്കില്‍ നിന്ന് 30 ബേസിക്ക് പോയിന്റാണ് എസ്ബിഐ ഇപ്പോള്‍ കുറച്ചിരിക്കുന്നത്. കൂടാതെ പ്രോസസിംഗ് ഫീസ് പൂര്‍ണമായും ഒഴിവാക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകള്‍ക്ക് 6.80 ശതമാനം പലിശ നിരക്കും 30 ലക്ഷത്തിന് കൂടുതലുള്ള ഭവന വായ്പയ്ക്ക് 6.95 ശതമാനമാണ് പലിശനിരക്ക്. രാജ്യത്തെ എട്ട് മെട്രോ നഗരങ്ങളില്‍ അഞ്ച് കോടി രൂപവരെയുള്ള വായ്പകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവില്‍ വായ്പ എടുത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ വനിതാ വായ്പക്കാര്‍ക്ക് 5 ബേസിക് പോയിന്റ് ഇളവ് ലഭിക്കുമെന്നും ഡിജിറ്റല്‍ സോഴ്‌സിംഗ് വഴി വായ്പയെടുക്കുന്നവര്‍ക്ക് 5 ബേസിക് പോയിന്റ്സ് ഇളവ് ലഭിക്കുമെന്നും എസ്ബിഐ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 21 വരെ വരാനിരിക്കുന്ന ഭവനവായ്പ ഉപഭോക്താക്കള്‍ക്കാണ് ഈ ഇളവുകള്‍. ബാങ്കിന്റെ പുതിയ തീരുമാനം ആത്മവിശ്വാസത്തോടെ വീട് വാങ്ങല്‍ തീരുമാനം എടുക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നെന്ന് എസ്ബിഐ പ്രസ്താവനയിലൂടെ അറിയിച്ചു.