വനിത ദിനം: സ്ത്രീ ശാക്തീകരണത്തിന് 25 മില്യണ്‍ ഡോളറിന്റെ ഗ്രാന്റുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍

March 08, 2021 |
|
News

                  വനിത ദിനം: സ്ത്രീ ശാക്തീകരണത്തിന് 25 മില്യണ്‍ ഡോളറിന്റെ ഗ്രാന്റുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് ഗൂഗിള്‍ 25 മില്യണ്‍ യുഎസ് ഡോളറിന്റെ ഗ്രാന്റുകള്‍ പ്രഖ്യാപിച്ചു. ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെയും ലോകത്തെ മറ്റിടങ്ങളിലെയും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സാമൂഹിക സ്ഥാപനങ്ങള്‍ക്കുമായി ധനസഹായം കൈമാറും. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.

ഇതോടൊപ്പം, ഇന്ത്യന്‍ ഗ്രാമങ്ങളിലെ പത്ത് ലക്ഷത്തോളം സ്ത്രീകളെ സംരംഭകരാക്കി മാറ്റുന്നതിന് സഹായം നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പിച്ചൈ പറഞ്ഞു. ബിസിനസ് സംബന്ധിച്ച പരിശീലനങ്ങള്‍, ഉപദേശങ്ങള്‍ എന്നിവ നല്‍കി മാര്‍ഗദര്‍ശിയാകാനാണ് ഗൂഗിള്‍ തീരുമാനം. ഗൂഗിളിന്റെ 'ഇന്റര്‍നെറ്റ് സാഥി' പദ്ധതിയുടെ ഭാഗമായാണ് സ്ത്രീകളെ സംരംഭകരാക്കി മാറ്റുന്നത്.

കൊവിഡ് 19 മഹാമാരി കാലത്ത് സ്ത്രീകള്‍ക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത മിക്കവാറും ഇരട്ടിയാണെന്ന് 'ഗൂഗിള്‍ ഫോര്‍ ഇന്ത്യ' വര്‍ച്ച്വല്‍ പരിപാടിയില്‍ സുന്ദര്‍ പിച്ചൈ പറഞ്ഞു. മാത്രമല്ല, രണ്ട് കോടിയോളം പെണ്‍കുട്ടികള്‍ ഇനി സ്‌കൂളുകളില്‍ മടങ്ങിയെത്തില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടുതല്‍ സമത്വാധിഷ്ഠിതവും കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുന്നതുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് പിച്ചൈ വ്യക്തമാക്കി.   

ഇതോടൊപ്പം, നാസ്‌കോം ഫൗണ്ടേഷനായി അഞ്ച് ലക്ഷം യുഎസ് ഡോളറിന്റെ ഗൂഗിള്‍.ഓര്‍ഗ് ഗ്രാന്റ് പ്രഖ്യാപിച്ചു. ഡിജിറ്റല്‍, സാമ്പത്തിക സാക്ഷരത നടപ്പാക്കി ഒരു ലക്ഷത്തോളം സ്ത്രീ കര്‍ഷകത്തൊഴിലാളികളെ സഹായിക്കുന്നതിനാണ് ഈ തുക. 2015 ലാണ് ഗൂഗിളിന്റെ ഇന്റര്‍നെറ്റ് സാഥി പദ്ധതി ആരംഭിച്ചത്. ഡിജിറ്റല്‍ സാക്ഷരതയിലൂടെ ഇന്ത്യയിലെ ഗ്രാമീണ വനിതകളെ ശാക്തീകരിക്കുന്നതിന് ടാറ്റ ട്രസ്റ്റ്സുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ഗൂഗിള്‍ സാഥി പദ്ധതി പൂര്‍ത്തിയായതായി വര്‍ച്ച്വല്‍ ഇവന്റില്‍ പ്രഖ്യാപിച്ചു. ആറ് വര്‍ഷത്തിനിടെ ഇന്ത്യയിലെ മൂന്ന് കോടിയോളം സ്ത്രീകള്‍ക്കാണ് ഇന്റര്‍നെറ്റ് സാഥി പ്രോഗ്രാം ഗുണകരമായി മാറിയത്. എണ്‍പതിനായിരത്തോളം ഇന്റര്‍നെറ്റ് സാഥികളാണ് ഇത്രയും പേര്‍ക്ക് പരിശീലനം നല്‍കിയത്.

Read more topics: # ഗൂഗിള്‍, # Google,

Related Articles

© 2025 Financial Views. All Rights Reserved