ആല്‍ഫബെറ്റ് ഓഹരികള്‍ വിഭജിക്കാന്‍ ഒരുങ്ങുന്നു; ഓഹരി വിപണിയില്‍ മുന്നേറ്റം

February 03, 2022 |
|
News

                  ആല്‍ഫബെറ്റ് ഓഹരികള്‍ വിഭജിക്കാന്‍ ഒരുങ്ങുന്നു; ഓഹരി വിപണിയില്‍ മുന്നേറ്റം

ഗൂഗിള്‍ പാരന്റ് കമ്പനിയായ ആല്‍ഫബെറ്റിന്റെ ഓഹരികള്‍ വിഭജിക്കാന്‍ കമ്പനി ബോര്‍ഡിന്റെ അംഗീകാരം. ഒരു ഓഹരിയെ 20 എണ്ണമായി വിഭജിക്കാനാണ് തീരുമാനം. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കമ്പനിയുടെ ഓഹരിയില്‍ 9 ശതമാനം ഉയര്‍ച്ചയുണ്ടായി. ആപ്പിളിന്റെ ഭൂരിഭാഗം ഓഹരികളും വിഭജിച്ച് ഒന്നര വര്‍ഷം പിന്നിടുന്നതിനിടെയാണ് ആല്‍ഫബെറ്റും വലിയൊരു നീക്കം നടത്തിയിരിക്കുന്നത്. വിപണിമൂല്യം ട്രില്യണില്‍ എത്തിച്ച ചുരുക്കം കമ്പനികളുടെ കൂട്ടത്തിലെ മുമ്പന്മാരാണ് ആപ്പിളും ആല്‍ഫബെറ്റും. ഇലോണ്‍ മസ്‌കിന്റെ ടെസ്ലയും ഓഹരി വിഭജനം നടത്തിയിരുന്നു.

ക്ലാസ് എ, ക്ലാസ് ബി, ക്ലാസ് സി ഷെയറുകളാണ് ആല്‍ഫബെറ്റ് വിഭജിക്കുക. തീരുമാനത്തിന് ഷെയര്‍ഹോള്‍ഡര്‍മാരുടെ അംഗീകാരം കൂടി ആവശ്യമാണ്. ഇതു കൂടി ലഭ്യമായാല്‍ അടുത്ത ജൂലൈയോടെയാണ് മാറ്റം പ്രാബല്യത്തില്‍ വരിക. 2012ലാണ് വോട്ടിംഗ് അവകാശമില്ലാതെ ക്ലാസ് സി എന്ന തേര്‍ഡ് ക്ലാസ് ഷെയറുകള്‍ ഗൂഗിള്‍ കൂട്ടിയത്. ഒരു ഷെയറിന് ഒരു വോട്ട് എന്ന നിലയ്ക്കാണ് ക്ലാസ് എ ഷെയറുകളുള്ളത്. സ്ഥാപകരും ആദ്യകാല നിക്ഷേപകരും അടക്കം 10 വോട്ടുകള്‍ക്ക് അധികാരമുള്ളവരാണ് ക്ലാസ് ബി ഷെയറുകള്‍ ഉടമസ്ഥപ്പെടുത്തിയിരിക്കുന്നത്. 2015 ഗൂഗിളിനെ ആല്‍ഫബെറ്റായി മാറ്റുമ്പോഴും ഈ ഓഹരി ഘടന തന്നെ നിലനിര്‍ത്തിയിരുന്നു.

മഹാമാരിക്കാലത്തെ പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും വന്‍ വര്‍ധനയാണ് ആല്‍ഫബെറ്റിന്റെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. 32 ശതമാനം വളര്‍ച്ചയാണ് ഇപ്രാവശ്യം റിപ്പോര്‍ട്ട് ചെയ്തത്. മറ്റെല്ലാ ടെക് ഭീമന്മാരെയും അതിജയിച്ച് 65 ശതമാനം ഉയര്‍ച്ചയാണ് കഴിഞ്ഞവര്‍ഷം ആല്‍ഫബെറ്റിന്റെ ഓഹരിയിലുണ്ടായത്. പ്രതീക്ഷിച്ചതിലും കൂടുതലാണ് എല്ലാ തല വരുമാനങ്ങളിലും ആല്‍ഫബെറ്റിനുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Read more topics: # ഗൂഗിള്‍, # Google,

Related Articles

© 2025 Financial Views. All Rights Reserved