ടിക് ടോക്കിനെ വേണ്ടെന്ന് സുന്ദര്‍ പിച്ചൈ; ടിക് ടോക്ക് ഗൂഗിള്‍ സ്വന്തമാക്കുന്നു എന്ന വാര്‍ത്ത നിഷേധിച്ചു

August 28, 2020 |
|
News

                  ടിക് ടോക്കിനെ വേണ്ടെന്ന് സുന്ദര്‍ പിച്ചൈ; ടിക് ടോക്ക് ഗൂഗിള്‍ സ്വന്തമാക്കുന്നു എന്ന വാര്‍ത്ത നിഷേധിച്ചു

ടിക് ടോക്ക് സ്വന്തമാക്കാനുള്ള പദ്ധതികളൊന്നുമില്ലെന്ന് ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈ പറഞ്ഞു. ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് ഗൂഗിള്‍ വാങ്ങാന്‍ പോകുകയാണോ എന്ന് ചോദിച്ചതിന് മറുപടിയായാണ് 'ഞങ്ങള്‍ വാങ്ങുന്നില്ല' എന്ന് പോഡ്കാസ്റ്റ് ഷോയായ പിവറ്റ് സ്‌കൂള്‍ എന്ന അഭിമുഖത്തില്‍ പിച്ചൈ വ്യക്തമാക്കിയത്. ഗൂഗിളിന്റെ ക്ലൗഡ് സേവനങ്ങള്‍ക്ക് ടിക് ടോക്ക് പണം നല്‍കുന്നുണ്ടെന്നും പോഡ്കാസ്റ്റ് അഭിമുഖത്തില്‍ പിച്ചൈ സ്ഥിരീകരിച്ചു.

മഹാമാരി സമയത്തും അഭിവൃദ്ധി പ്രാപിക്കുന്ന സാങ്കേതിക ബിസിനസുകളില്‍ ഒന്നാണ് ടിക് ടോക്ക് എന്നും പിച്ചൈ കൂട്ടിച്ചേര്‍ത്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആപ്ലിക്കേഷന്‍ നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അതിന്റെ ചൈനീസ് ഉടമ ബൈറ്റ്ഡാന്‍സ് ലിമിറ്റഡിന് ബിസിനസ്സിന്റെ യുഎസ് ഭാഗം വില്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ശേഷം മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനും മറ്റ് യുഎസ് ടെക്‌നോളജി കമ്പനികളും ടിക് ടോക്കിന് പിന്നാലെ പായുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, ഗൂഗിള്‍ പേരന്റ് കമ്പനിയായ ആല്‍ഫബെറ്റ് ഇന്‍കോര്‍പ്പറേഷന്‍ ടിക് ടോക്കിന്റെ ന്യൂനപക്ഷ നിക്ഷേപകനാകാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതി പരാജയപ്പെട്ടതായാണ് വിവരം. അമേരിക്കയില്‍ ഇടപാടുകള്‍ നിരോധിച്ചതിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരെ ടിക് ടോക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ വാങ്ങാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബൈറ്റ്ഡാന്‍സുമായി സോഫ്റ്റ് വെയര്‍ രംഗത്തെ വമ്പന്മാരായ മൈക്രോസോഫ്റ്റ് ചര്‍ച്ചയിലാണെന്നാണ് സൂചന. അമേരിക്കയിലെ ടിക് ടോക്കിന്റെ പ്രവര്‍ത്തനാവകാശം വാങ്ങുക എന്നതാണ് ലക്ഷ്യം.

മൈക്രോസോഫ്റ്റിന് മാത്രമല്ല, ഓറക്കിളിനുമുണ്ട് ടിക്ടോക്കില്‍ ഒരു കണ്ണ്. വടക്കെ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവടങ്ങളിലെ ടിക് ടോക്കിന്റെ ബിസിനസ് ഏറ്റെടുക്കാന്‍ ഓറക്കിള്‍ താത്പര്യം അറിയിച്ചതായി സൂചന. ബൈറ്റ് ഡാന്‍സിലെ ഏതാനും നിക്ഷേപകര്‍ക്കൊപ്പം ചേര്‍ന്നാണ് ടിക്ടോക്കിന്റെ പ്രവര്‍ത്തനം വാങ്ങാന്‍ ഓറക്കിള്‍ തയ്യാറെടുക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved