48 തികഞ്ഞ സുന്ദര്‍ പിച്ചൈ; പത്താം വയസില്‍ ആദ്യമായി ടെലിവിഷന്‍ ഉപയോഗിച്ചു; അച്ഛന്റെ ഒരു വര്‍ഷത്തെ ശമ്പളം ചെലവഴിച്ച് അമേരിക്കയിലെത്തി; ജീവിതം പങ്കുവച്ച് ഗൂഗിള്‍ സിഇഒ

June 11, 2020 |
|
News

                  48 തികഞ്ഞ സുന്ദര്‍ പിച്ചൈ; പത്താം വയസില്‍ ആദ്യമായി ടെലിവിഷന്‍ ഉപയോഗിച്ചു; അച്ഛന്റെ ഒരു വര്‍ഷത്തെ ശമ്പളം ചെലവഴിച്ച് അമേരിക്കയിലെത്തി; ജീവിതം പങ്കുവച്ച് ഗൂഗിള്‍ സിഇഒ

ടെക് ഭീമനായ ഗൂഗിളിന്റെയും മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഇന്‍കോര്‍പ്പറേഷന്റെയും സിഇഒ ആയ സുന്ദര്‍ പിച്ചൈയ്ക്ക് ജൂണ്‍ 10ന് 48 വയസ്സ് പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം അദ്ദേഹം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് ഒരു ഓണ്‍ലൈന്‍ ക്ലാസ് നടത്തിയിരുന്നു. ഈ ക്ലാസില്‍ പിച്ചൈയ് തന്റെ പഴയ ചില ഓര്‍മ്മകളും വെളിപ്പെടുത്തി. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഈ ഇന്ത്യന്‍-അമേരിക്കന്‍ എക്‌സിക്യൂട്ടീവിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

തമിഴ്നാട്ടിലാണ് സുന്ദര്‍ പിച്ചൈയുടെ ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂരില്‍ നിന്നാണ് ഇദ്ദേഹം ബിരുദം നേടിയത്. പിന്നീട് തുടര്‍ പഠനത്തിനായി വിദേശത്തേയ്ക്ക് പോയി. സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് എം.എസ് ബിരുദം നേടി, പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് എം.ബി.എ പഠനവും പൂര്‍ത്തിയാക്കി.

ഗൂഗിളിലെ ആദ്യത്തെ ജോലിക്ക് മുമ്പ് സുന്ദര്‍ പിച്ചൈ അപ്ലൈഡ് മെറ്റീരിയല്‍സില്‍ എഞ്ചിനീയറായും തുടര്‍ന്ന് മക്കിന്‍സി & കമ്പനിയിലും ജോലി ചെയ്തിരുന്നു. 2004ല്‍, പ്രൊഡക്ട് മാനേജുമെന്റിന്റെയും വികസനത്തിന്റെയും തലവനായി പിച്ചൈ ഗൂഗിളില്‍ ചേര്‍ന്നു. മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, മോസില്ല ഫയര്‍ഫോക്‌സ് തുടങ്ങിയ വെബ് ബ്രൌസറുകള്‍ എന്നിവയില്‍ നിന്ന് ഗൂഗിള്‍ ബ്രൌസറിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ പ്രാപ്തമാക്കുന്നതിനായി തുടക്കത്തില്‍ ഗൂഗിള്‍ ടൂള്‍ബാറിലാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചത്.

അടുത്ത കുറച്ച് വര്‍ഷങ്ങളില്‍, 2008 ല്‍ പൊതുജനങ്ങള്‍ക്കായി പുറത്തിറക്കിയ ഗൂഗിളിന്റെ സ്വന്തം ബ്രൌസറായ ക്രോം വികസിപ്പിക്കുന്നതില്‍ പിച്ചൈയ് നേരിട്ട് പങ്കാളിയായി. അതേ വര്‍ഷത്തിനുള്ളില്‍, പിച്ചൈ പ്രൊഡക്ട് വികസന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2012 ആയപ്പോഴേക്കും അദ്ദേഹം സീനിയര്‍ വൈസ് പ്രസിഡന്റായി. രണ്ട് വര്‍ഷത്തിന് ശേഷം ഗൂഗിളിന്റെയും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെയും മേധാവിയായി.

ബ്രിട്ടാനിക്കയുടെ അഭിപ്രായത്തില്‍, 2011 ല്‍ മൈക്രോബ്ലോഗിംഗ് സേവനമായ ട്വിറ്റര്‍ പിച്ചൈയ്ക്ക് ജോലി വാഗ്ദാനം ചെയ്യുകയും 2014 ല്‍ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ രണ്ട് സന്ദര്‍ഭങ്ങളിലും അദ്ദേഹത്തിന് ഗൂഗിളില്‍ തുടരാന്‍ വലിയ സാമ്പത്തിക പാക്കേജുകള്‍ ലഭിച്ചു.

ഗൂഗിള്‍ സഹ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിനും 2015 ഓഗസ്റ്റില്‍ ആല്‍ഫബെറ്റ് ഇങ്ക് സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ സുന്ദര്‍ പിച്ചൈയെ ഗൂഗിള്‍ സിഇഒ ആയി തിരഞ്ഞെടുത്തു. 2019 ഡിസംബറില്‍ ലാറി പേജ് സ്ഥാനമൊഴിഞ്ഞപ്പോള്‍ പിച്ചൈയെ ആല്‍ഫബെറ്റിന്റെ സിഇഒ ആയി തിരഞ്ഞെടുത്തു. ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ആക്കി.

തന്റെ അച്ഛന്റെ ഒരു വര്‍ഷത്തെ ശമ്പളം ചെലവഴിച്ചാണ് തനിക്ക് അമേരിക്കയ്ക്ക് വരാന്‍ ആദ്യ വിമാന ടിക്കറ്റ് എടുത്തതെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഓര്‍ത്തെടുത്തു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ഉപരിപഠനത്തിനായി ഇന്ത്യയില്‍ നിന്ന് പോകുമ്പോഴാണ് വിമാനയാത്രക്ക് ഇത്രയും പണം ചെലവായത്. അതായിരുന്നു തന്റെ ആദ്യത്തെ വിമാനയാത്രയും. അമേരിക്ക വളരെ ചെലവേറിയതായിരുന്നു. നാട്ടിലേക്ക് ഒരു ഫോണ്‍ കോളിന് രണ്ട് ഡോളറായിരുന്നു ചെലവെന്നും ഒരു ബാഗ് വാങ്ങിക്കാന്‍ അച്ഛന്റെ ഒരു മാസത്തെ ശമ്പളം ചെലവായെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

പത്താമത്തെ വയസിലാണ് ആദ്യമായി ടെലിവിഷന്‍ ഉപയോഗിച്ചത്. അന്നതില്‍ ഒരു ചാനല്‍ മാത്രമാണ് ഉണ്ടായിരുന്നത്. അമേരിക്കയില്‍ ബിരുദപഠനത്തിന് വന്ന ശേഷമാണ് കംപ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളോട് സംവദിച്ച സുന്ദര്‍ പിച്ചൈ താന്‍ കടന്നുവന്ന വഴികളെക്കുറിച്ചും വിജയത്തെക്കുറിച്ചും സംസാരിച്ചു.

Related Articles

© 2025 Financial Views. All Rights Reserved