
മുംബൈ: ജിയോ പ്ലാറ്റ്‌ഫോമുകളില്‍ ആഗോള ടെക് ഭീമന്‍ ഗൂഗിള്‍ 33,733 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഇന്ത്യ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ സ്ഥിരീകരണം. 7.7 ശതമാനം ഓഹരി ഗൂഗളിന് നല്‍കുമെന്നും അംബാനി അറിയിച്ചു. റിലയന്‍സ് ഇന്ത്യയുടെ 43-ാം വാര്‍ഷിക ജനറല്‍ മീറ്റിലാണ് അംബാനിയുടെ പ്രഖ്യാപനം.
ഇന്ത്യയില്‍ അടുത്ത ഏഴ് വര്‍ഷത്തിനിടെ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍പിച്ചൈയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് 33,733 കോടി രൂപ ഗൂഗിള്‍ റിലയന്‍സില്‍ നിക്ഷേപിക്കുന്നത്. വലിയ കമ്പനികളിലും സ്റ്റാര്‍ട്ടപ്പുകളിലും പാര്‍ട്ണര്‍ ഷിപ്പുകളിലും നിക്ഷേപം നടത്തുകയായിരിക്കും രീതിയെന്ന് പിച്ചൈ പറഞ്ഞിരുന്നു.
ഫേസ്ബുക്കും, അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍ക്കോമും ഈയടുത്ത് ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു. എന്‍ട്രി ലെവല്‍ 4ജി-5ജി ഫോണുകള്‍ക്കായി ഗൂഗിളും ജിയോയും ചേര്‍ന്ന് പ്രത്യേ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കുമെന്നും ഗൂഗിളും ജിയോയും തമ്മിലുള്ള സഹകരണത്തിലൂടെ ഇന്ത്യയെ 2 ജി മുക്തമാക്കുമെന്നും അംബാനി അവകാശപ്പെട്ടു. നിലവില്‍ 2 ജി ഫീച്ചര്‍ ഫോണുകളുപയോഗിക്കുന്ന 35 കോടി ഇന്ത്യക്കാരെ താങ്ങാവുന്ന വിലയുള്ള സ്മാര്‍ട്ട് ഫോണുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ജിയോ മാര്‍ട്ടും വാട്‌സാപ്പും കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അംബാനി ഇന്ന് അറിയിച്ചു. 200 നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ജിയോ മാര്‍ട്ട് ചെറുകിട കച്ചവടക്കാരെ ഉള്‍ക്കൊള്ളിക്കുന്ന ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ്.