ഇന്ത്യന്‍ ഹ്രസ്വ-വീഡിയോ പ്ലാറ്റ്ഫോമുകളില്‍ വന്‍ നിക്ഷേപവുമായി ഗൂഗിള്‍

December 24, 2020 |
|
News

                  ഇന്ത്യന്‍ ഹ്രസ്വ-വീഡിയോ പ്ലാറ്റ്ഫോമുകളില്‍ വന്‍ നിക്ഷേപവുമായി ഗൂഗിള്‍

റോപോസോ എന്ന പേരില്‍ അറിയപ്പെടുന്ന ഹ്രസ്വ-വീഡിയോ പ്ലാറ്റ്ഫോമിന്റെ ഉടമസ്ഥരാണ് ഇന്‍മോബിയുടെ അനുബന്ധ സ്ഥാപനമായ ഗ്ലാന്‍സ് . ഗൂഗിളില്‍ നിന്നും നിലവിലുള്ള നിക്ഷേപകനായ മിത്രില്‍ ക്യാപിറ്റലില്‍ നിന്നും ഡിസംബര്‍ 22-ന് ഗ്ലാന്‍സ് 145 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വെറും 18 മാസം മുമ്പ് ആരംഭിച്ച കമ്പനി ഇപ്പോള്‍ ആഗോളതലത്തില്‍ മികച്ച 10 ഉപഭോക്തൃ ആപ്ലിക്കേഷനുകളില്‍ ഒന്നായി മാറിക്കഴിഞ്ഞു. പ്രതിമാസം 33 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഒരു പ്ലാറ്റ്ഫോമാണ് റോപോസോ.

ജോഷ് എന്ന ഹ്രസ്വ-വീഡിയോ പ്ലാറ്റ്ഫോമിന്റെ ഉടമസ്ഥരാണ് ഡെയ്ലിഹണ്ടിന്റെ മാതൃ കമ്പനി കൂടിയായ വെര്‍സെ ഇന്നൊവേഷന്‍സ്. ഇവര്‍, നിലവിലുള്ള നിക്ഷേപകരായ സോഫിന ഗ്രൂപ്പ്, ലൂപ്പ സിസ്റ്റംസ് എന്നിവരോടൊപ്പം ആല്‍ഫ വേവ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവയില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഇതോടെ, വെര്‍സെ ഇന്നൊവേഷന്‍സ് ഒരു ബില്യണ്‍ ഡോളറിന്റെ മൂല്യത്തെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും പുതിയ യൂണികോണ്‍ കമ്പനിയായി മാറി.

ഏറ്റവും പുതിയ നിക്ഷേപത്തിലൂടെ, ഈ രണ്ടു കമ്പനികളുടെയും കൃത്രിമ ബുദ്ധി (എഐ) കഴിവ് വര്‍ദ്ധിപ്പിക്കുക, ടെക്‌നോളജി ടീം വിപുലീകരിക്കുക, പ്ലാറ്റ്ഫോമില്‍ സേവനങ്ങള്‍ സമാരംഭിക്കുക, ആഗോള വിപണികളില്‍ വ്യാപനം നടത്തുക എന്നിവയാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ഉല്‍പന്ന വികസനം, ഇന്‍ഫ്രാസ്ട്രക്ചര്‍, ആഗോള വിപണി വിപുലീകരണം എന്നിവയിലുടനീളം ഗൂഗിളും ഗ്ലാന്‍സും തമ്മിലുള്ള ആഴത്തിലുള്ള പങ്കാളിത്തത്തിന് ഈ നിക്ഷേപം വഴിയൊരുക്കുമെന്ന് ഗ്ലാന്‍സ് ഇന്‍മോബി ഗ്രൂപ്പിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ നവീന്‍ തിവാരി പറഞ്ഞു.

ഇന്ത്യയില്‍ വളരെ പ്രചാരത്തിലിരുന്ന ടിക്ക് ടോക്കിന്റെ നിരോധനം മൂലം മറ്റു ഹ്രസ്വ-വീഡിയോ പ്ലാറ്റ്ഫോമുകള്‍ക്ക് പുതിയ അവസരങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ട്. ഈ ഇടം ഗൂഗിള്‍ ഏറ്റെടുക്കാന്‍ നോക്കുന്നതായി വിലയിരുത്തലുകളുണ്ട്. ഇന്ത്യയിലെ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന, റിലയന്‍സ് ജിയോയെ പിന്തുണച്ച അതേ ഫണ്ടില്‍ നിന്നാണ് ഗൂഗിളിന്റെ 10 ബില്യണ്‍ ഡോളറിന്റെ ഈ രണ്ടു നിക്ഷേപവും വരുന്നത്.

ഓരോ ഇന്ത്യക്കാരനും അവരുടെ സ്വന്തം ഭാഷയില്‍ വിവരങ്ങള്‍ നല്‍കുന്ന കമ്പനികളില്‍ നിക്ഷേപിക്കാനാണ് തങ്ങള്‍ക്കു താത്പര്യമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ മുമ്പ് പറഞ്ഞിരുന്നു. ഒരു ബില്യണ്‍ ഡോളര്‍ കൊടുത്തു മറ്റൊരു ഹ്രസ്വ-വീഡിയോ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റ് വാങ്ങുന്നതിനായി ഗൂഗിള്‍ ചര്‍ച്ച നടത്തിവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved