
ന്യൂഡല്‍ഹി: ഇനി പരിധികളില്ലാതെ സൗജന്യ സേവനം നല്‍കേണ്ടതില്ലെന്ന് ഗൂഗിള്‍ മീറ്റ് തീരുമാനം. സെപ്തംബര്‍ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. ഏപ്രിലില്‍ തന്നെ ഇക്കാര്യം കമ്പനി വ്യക്തമാക്കിയതാണ്. മഹാമാരിക്കാലത്ത് കൂടുതല്‍ പേര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്ത സാഹചര്യത്തിലായിരുന്നു ഗൂഗിള്‍ മീറ്റ് സൗജന്യമായി സേവനം നല്‍കിയത്.
സെപ്തംബര്‍ 30 വരെ ആര്‍ക്കും 100 പേരെ വരെ പങ്കെടുപ്പിച്ച് സൗജന്യ മീറ്റിങ് സംഘടിപ്പിക്കാമായിരുന്നു. ഗൂഗിള്‍ മീറ്റിന്റെ അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍ ജി സ്യൂട്ട്, ജി സ്യൂട്ട് ഫോര്‍ എജുക്കേഷന്‍ ഉപഭോക്താക്കള്‍ക്കും സൗജന്യമാക്കിയ ശേഷം വലിയ വളര്‍ച്ചയാണ് മീറ്റിങുകളില്‍ ഉണ്ടായത്. പ്രതിദിന വളര്‍ച്ച 30 ശതമാനം വരെ ഉയര്‍ന്നു. മൂന്ന് ബില്യണ്‍ മിനുട്ട് വീഡിയോ മീറ്റിങുകള്‍ വരെ പ്രതിദിനം നടന്നു.
ഈ മാസം മീറ്റ് ആപ്പില്‍ പുതിയ മാറ്റങ്ങള്‍ ഗൂഗിള്‍ വരുത്തിയിരുന്നു. ഇതോടെ ഉപഭോക്താക്കള്‍ക്ക് 49 പേരെ വരെ ഒരേ സമയം കാണാനാവും. ഹോസ്റ്റിനെ സ്ഥിരമായി കാണാവുന്ന ഫീച്ചറും ഏര്‍പ്പെടുത്തിയിരുന്നു. ഇത് രണ്ടും ഇപ്പോള്‍ ജി സ്യൂട്ട് ഉപഭോക്താക്കള്‍ക്കും പേഴ്‌സണല്‍ ഗൂഗിള്‍ അക്കൗണ്ട് ഉടമകള്‍ക്കും ലഭ്യമാണ്.